ആന്തൂർ: ശ്യാമളക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍

shymala-complaint
SHARE

പ്രവാസി സാജന്‍ പാറയിലിന്‍റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. കോയമ്പത്തൂരോ മുംബൈയിലോ പോയി  സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്സണ്‍ ഉപദേശിച്ചെന്നും ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പി.കെ.ശ്യാമളയ്ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തും.

നിക്ഷേപസൗഹൃദ സംസ്ഥാനത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്.  അവിടെയാണ്, പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയുടെ പീഢനത്തില്‍ മനം നൊന്ത് വ്യവസായി ആത്മഹത്യ ചെയ്തതും. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. നഗരസഭ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍റെ ഭാര്യയുമായ പി.കെ.ശ്യാമളക്കെതിരെയാണ് ആരോപണങ്ങളേറെയും. 

ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്ന് ആരോപിക്കുന്നത്, സിപിഎം അനുഭാവി കൂടിയായ സംരഭകയാണ്. പത്ത് ലക്ഷം മുതല്‍മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്‍റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫേസ്ബുക്കില്‍ കുറിച്ചു.  പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു. നേരത്തെ തളിപ്പറമ്പ് നഗരസഭയ്ക്ക് കീഴിലായിരുന്നു ഇവരുടെ സ്ഥാപനം. എന്നാല്‍ ആന്തൂര്‍ നഗരസഭ രൂപീകരിച്ചപ്പോള്‍ അതിന്‍റെ ഭാഗാമായി. അതോടെ  സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നു. 

കടത്തിലേക്ക് മൂക്കുകുത്തിയിട്ടും ആത്മഹത്യ ചെയ്യാതിരിക്കാന്‍ കരുത്ത് നല്‍കിയതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരോട് നന്ദി പറയുന്നുമുണ്ട് സോഹിതയും വിജുവും. പി.കെ.ശ്യാമളയുടെ ധിക്കാരപരമായ പെരുമാറ്റത്തിന്‍റെ ഇരകള്‍ ഇനിയുമുണ്ടെന്നാണ് സൂചനകള്‍. അതേ സമയം സാജന്‍റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാതിരിക്കാന്‍ മാത്രമുള്ള ഗുരുതര ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...