അംലയ്ക്കും ദസനും അർധസെഞ്ചുറി, കിവീസിനു ജയിക്കാൻ 242

CRICKET-WORLDCUP-NZL-ZAF/
SHARE

ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസീലൻഡിന് 242 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. ഓപ്പണർ ഹാഷിം അംല (83 പന്തിൽ 55), റാസി വാൻ ഡർ‌ ദസൻ (64 പന്തിൽ 67) അർധസെഞ്ചുറി നേടി

ടോസ് നേടിയ ന്യൂസീലൻഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്വിന്റൻ ഡി കോക്ക് (8 പന്തിൽ 5), ഫാഫ് ഡുപ്ലെസി (35 പന്തിൽ 23), ഏയ്ഡൻ മാക്രം (55 പന്തിൽ‌ 38), ഡേവി‍ഡ് മില്ലർ (37 പന്തിൽ 36) ആൽഡിലെ പെഹ്‍ലുക്‌വായോ (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സ്കോറുകൾ. ഡേവിഡ് മില്ലറിനോടൊപ്പം ആറു റൺസുമായി ക്രിസ് മോറിസ് പുറത്താകാതെ നിന്നു.

മോശം കാലാവസ്ഥ കാരണം 49 ഓവറാണു മൽസരം. 9 റണ്‍സിൽ നിൽക്കെ ഓപ്പണർ ക്വിന്റൻ ഡി കോക്ക് പുറത്തായതോടെ ജാഗ്രതയോടെയായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റു വീശിയത്. ഡി കോക്കിനെ ട്രെന്റ്  ബൗള്‍ട്ട് ബൗൾഡാക്കുകയായിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ ലോക്കി ഫെർഗൂസനും പുറത്താക്കി. ഏയ്ഡൻ മാക്രമിനെയും കൂട്ടുപിടിച്ച് ഹാഷിം അംല ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തി. അംല 55 ഉം മാക്രം 38 ഉം റൺസെടുത്തു മടങ്ങി.

44.1 ഓവറുകളിലാണ് (265 പന്തുകൾ) ദക്ഷിണാഫ്രിക്ക 200 റൺസ് പിന്നിട്ടത്. റാസി വാൻ ഡർ‌ ദസൻ, ഡേവിഡ് മില്ലർ എന്നിവരുടെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും ദക്ഷിണാഫ്രിക്കയ്ക്കു തുണയായി. സ്കോർ 208 ൽ നിൽക്കെ ലോക്കി ഫെർഗൂസന്റെ പന്തിൽ ബൗള്‍ട്ടിനു ക്യാച്ച് നൽകി ഡേവിഡ് മില്ലർ പുറത്തായി. റണ്ണൊന്നുമെടുക്കാതെ ആൽഡിലെ പെഹ്‍ലുക്‌വായോയും മടങ്ങി. ലോക്കി ഫെർഗൂസൻ ന്യൂസീലൻഡിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ട്രെന്റ് ബൗൾട്ട്, കോളിൻ ഡി ഗ്രാൻഡ്ഹോം, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മൽസരിച്ച കളികളിൽ നാലിൽ മൂന്നും ജയിച്ച് മികച്ച ഫോമിലാണ് ന്യൂസീലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ഒരു മൽസരത്തിൽ മഴമൂലം പോയിന്റ് പങ്കിടേണ്ടിവന്നു. ഏഴു പോയിന്റുള്ള ന്യൂസീലൻഡ് പോയിന്റു പട്ടികയിൽ നിലവിൽ ഇന്ത്യയ്ക്കു മുകളിലായി മൂന്നാമതാണ്. ഇന്നത്തെ മൽസരം കൂടി ജയിച്ചാൽ അവർക്ക് 9 പോയിന്റുമായി ഒന്നാമതെത്താം. അതേസമയം ദക്ഷിണാഫ്രിക്കയുടെ കാര്യം കഷ്ടത്തിലാണ്. അഞ്ചിൽ മൂന്ന് കളികൾ തോറ്റു. ഒരു ജയം മാത്രം. ഒന്ന് മഴമൂലം ഉപേക്ഷിച്ചു. മൂന്നു പോയിന്റ് മാത്രമുള്ള ദക്ഷിണാഫ്രിക്ക പട്ടികയിൽ എട്ടാമതാണ്. ഇനിയുള്ള മൽസരങ്ങളെങ്കിലും ജയിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ നാലിൽ ഇടം നേടാനാകില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...