കാര്‍ട്ടൂൺ അവാര്‍ഡില്‍ ഇടപെടാന്‍ മന്ത്രിക്ക് അവകാശമില്ല; സര്‍ക്കാരിനെതിരെ കാനം

kanam-rajaendran-2
SHARE

കാര്‍ട്ടൂണ്‍ വിവാദത്തിലും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിലും സര്‍ക്കാരിനെതിരെ കാനം. സ്വയംഭരണാധികാരമുള്ള ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ല. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെ സിപിഐ അനുകൂലിക്കുന്നില്ലെന്നും സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം കാനം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞത് ബൂത്തുതലംവരെ പോയി വിശദമായി പരിശോധിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. 

സിപിഐ പഴയതുപോലെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം സംസ്ഥാനകൗണ്‍സിലില്‍ ഉയര്‍ന്നതിനുപിന്നാലെയാണ് സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. മതചിഹ്നത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി പുരസ്കാരം നല്‍കിയത് പുനഃപരിശോധിക്കുമെന്ന സാംസ്കാരികമന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കാനം പ്രതികരിച്ചത്.

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയും അനുകൂലിക്കുന്നില്ല. മജിസ്റ്റീരിയല്‍ അധികാരം നല്‍കി കമ്മീഷണറേറ്റ് നടപ്പാക്കാന്‍ പാടില്ല എന്ന് സിപിഐ പറഞ്ഞിട്ടുണ്ട്.

എല്‍ഡിഎഫ് യുഡിഎഫ് വോട്ട് വ്യതിയാനം 12 ശതമാനമായത് ഗൗരവമുള്ള സംഘടനാ രാഷട്രീയപ്രശ്നമാണെന്ന് സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. സിപിഐ തോറ്റ നാല് മണ്ഡലങ്ങളിലടക്കം ഉണ്ടായ വോട്ടുചോര്‍ച്ച ബൂത്ത് തലത്തില്‍ വരെ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ശബരിമലയുടെ കാര്യത്തില്‍ ഇടതുമുന്നണിയെ വിശ്വാസികള്‍ വിശ്വസിച്ചില്ല. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെങ്കിലും അത് വിശ്വാസിസമൂഹത്തിലുണ്ടാക്കിയ പ്രതികരണങ്ങള്‍ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ല. 

കോണ്‍ഗ്രസ്, ബിജെപി പ്രചാരണത്തില്‍ പെട്ട് ജനം വൈകാരികമായി വോട്ടു ചെയ്തു. വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. സിപിഐ വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ശൈലി മാറ്റാനാകുമോയെന്നും യോഗത്തിനുശേഷം കാനം രാജേന്ദ്രന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...