വാർണറിനു സെഞ്ചുറി, ആമിറിന് 5 വിക്കറ്റ്; പാക്കിസ്ഥാന് ജയിക്കാൻ 308

Britain CWC Cricket
SHARE

ടോസ് നഷ്ടത്തിന്റെ നിരാശയ്ക്കിടയിലും ഉജ്വല ബാറ്റിങ് പ്രകടനവുമായി കളം നിറഞ്ഞ ഡേവിഡ് വാർണർ – ആരോൺ ഫിഞ്ച് സഖ്യത്തിന്റെ മികവിൽ പാക്കിസ്ഥാനു മുന്നിൽ 308 റൺസ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ. വാർണർ ഈ ലോകകപ്പിൽ ഓസീസ് താരത്തിന്റെ ആദ്യ സെഞ്ചുറി കുറിച്ചപ്പോൾ  ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ അർധസെഞ്ചുറിയുമായി തുടക്കം ഗംഭീരമാക്കി. ക്യാച്ചുകൾ കൈവിട്ടതുള്‍പ്പെടെ പാക്ക് താരങ്ങളുടെ ദയനീയ ഫീൽഡിങ്ങും ഓസീസിനു തുണയായി. അവസാന ഓവറുകളിൽ പാക്ക് പേസർ മുഹമ്മദ് ആമിറിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിനു മുന്നിൽ ചൂളിയതോടെ 49 ഓവറിൽ ഓസീസ് 307 റൺസിന് ഓൾഔട്ടായി. ആമിർ 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഏകദിനത്തിൽ ആമിറിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.

വാർണർ 111 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 107 റൺസെടുത്തു. ഈ ലോകകപ്പിൽ പിറക്കുന്ന ഏഴാമത്തെ സെഞ്ചുറിയാണ് വാർണറിന്റേത്. നാലു കളിയിൽ വാർണറിന്റെ ആദ്യ സെ‍ഞ്ചുറിയും. കഴിഞ്ഞ മൽസരത്തിൽ ഇന്ത്യയ്‌ക്കെതിരെ വാർണർ അർധസെഞ്ചുറി നേടിയിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 146 റൺസ് കൂട്ടിച്ചേർത്ത് പാക്കിസ്ഥാന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 1996നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനെതിരെ ഏതെങ്കിലും രാജ്യം ലോകകപ്പ് വേദിയിൽ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർക്കുന്നത്. ഫിഞ്ച് 84 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും സഹിതം 82 റൺസും നേടി

തുടക്കം ഗംഭീരമായെങ്കിലും അവസാന ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്കുയർത്താൻ ഓസീസിനായില്ല. ഓപ്പണർമാർ പുറത്തായതിനുശേഷം ഓസീസ് നിരയിൽ ടോപ് സ്കോററായത് 26 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 23 റൺസെടുത്ത ഷോൺ മാർഷാണ്. സ്റ്റീവ് സ്മിത്ത് (13 പന്തിൽ 10), ഗ്ലെൻ മാക്സ്‍വെൽ (10 പന്തിൽ 20), ഉസ്മാൻ ഖവാജ (16 പന്തിൽ 18), നേഥൻ കൂൾട്ടർനൈൽ (മൂന്നു പന്തിൽ രണ്ട്), പാറ്റ് കമ്മിൻസ് (ആറു പന്തിൽ രണ്ട്), അലക്സ് കാരി (21 പന്തിൽ 20), മിച്ചൽ സ്റ്റാർക്ക് (മൂന്ന്), ജൈ റിച്ചാർഡ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം

ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിനു ശേഷം ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും ഓസീസ് ഇന്നിങ്സിൽ പിറന്നില്ല. രണ്ടാം വിക്കറ്റിൽ വാർണർ – സ്മിത്ത് സഖ്യം കൂട്ടിച്ചേർത്ത 43 റൺസാണ് രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റിൽ ഷോൺ മാർഷ് – ഉസ്മാൻ ഖവാജ സഖ്യം 35 റൺസും മൂന്നാം വിക്കറ്റിൽ വാർണർ – മാക്സ്‌വെൽ സഖ്യം 34 റൺസും കൂട്ടിച്ചേർത്തു.

10 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ സഹിതം 30 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ആമിറിന്റെ പ്രകടനം പാക്ക് നിരയിൽ ശ്രദ്ധേയമായി. ഷഹീൻ അഫ്രീദിക്ക് രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും 10 ഓവറിൽ 70 റൺസ് വഴങ്ങി. ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...