മെഡിക്കല്‍ സാമ്പത്തിക സംവരണ സീറ്റ് ഉത്തരവ് സര്‍ക്കാര്‍ വീണ്ടും തിരുത്തി

medical-seat
SHARE

എം.ബി.ബി.എസ്സിന് പത്ത് ശതമാനം സീറ്റുകള്‍ സാമ്പത്തിക സംവരണക്കാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടാം തവണയും തിരുത്ത്. പത്തശതമാനം മെഡിക്കല്‍ സാമ്പത്തിക സംവരണ സീറ്റുകള്‍ സര്‍ക്കാര്‍ കോളജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. സ്വാശ്രയകോളജുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവുകള്‍ റദ്ദാക്കാനും മെഡിക്കല്‍വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം എംബിബിഎസ് സീറ്റുകള്‍  എട്ട് സ്വാശ്രയകോളജുകള്‍ക്ക് മാത്രം അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ആദ്യം ഉത്തരവിറക്കിയത്. ന്യൂനപക്ഷപദവിയുള്ള കോളജുകളെ ഒഴിവാക്കി . സര്‍ക്കാര്‍ കോളജുകളെ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തിരുന്നു. സാമ്പത്തിക സംവരണം കിട്ടുന്നവരുടെ ഫീസ് ആര് നല്‍കുമെന്നത് സംബന്ധിച്ചും അവ്യക്തയുള്ളതായിരുന്നു മെഡിക്കല്‍വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. 

സംഭവം വിവാദമായപ്പോള്‍ ഉത്തരവ് തിരുത്തി. 12 ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്ക് കൂടി 10 ശതമാനം മെഡിക്കല്‍സാമ്പത്തിക സംവരണ സീറ്റുകള്‍ക്ക് അര്‍ഹത നല്‍കിക്കൊണ്ട് ഉത്തരവ് ഇറക്കി. ഇതിനിടയിലാണ് മേയ് മാസത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വായിച്ചുനോക്കുന്നത്. സര്‍ക്കാര്‍ കോളജുകള്‍ക്ക് മാത്രമെ സാമ്പത്തിക സംവരണത്തിനായി സീറ്റ് അനുവദിക്കാവൂ എന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ വ്യക്തമായ നിര്‍ദ്ദേശം ശ്രദ്ധയില്‍വന്നതോടെ സ്വാശ്രയകോളജുകള്‍ക്ക് 10 ശതമാനം സീറ്റ് നല്‍കിക്കൊണ്ടുള്ള ഉത്തരവുകള്‍ റദ്ദാക്കി.

സര്‍ക്കാര്‍കോളജുകള്‍ക്ക് മാത്രമെ 10 ശതമാനം മെഡിക്കല്‍സാമ്പത്തിക സംവരണ സീറ്റിന് അര്‍ഹതയുള്ളൂ എന്ന് വ്യക്തമാക്കുന്ന പുതിയ ഉത്തരവ് വന്നു. സ്വാശ്രയ കോളജുകള്‍ക്ക് പരാതിയുണ്ടെങ്കില്‍ എംസിഐയെ സമീപിക്കാമെന്ന് ‍പറഞ്ഞ് മെഡിക്കല്‍വിദ്യാഭ്യാസ വകുപ്പ് തടിയൂരി. 24 മണിക്കൂറിനകം മെഡിക്കല്‍സീറ്റ് വര്‍ധന പോലെ സുപ്രധാനമായ തീരുമാനത്തില്‍ രണ്ടാം തവണയാണ് സര്‍ക്കാരിന് ഉത്തരവ് തിരുത്തേണ്ടി വന്നത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മെഡിക്കൽ കൗൺസിൽ നിര്‍ദ്ദേശം പോലും അവഗണിച്ച് സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് അനുവദിച്ചതെന്നാണ് സൂചന. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...