പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

Annamanada-Parameswara-Marar
SHARE

പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു. പ്രമേഹ രോഗംമൂലം കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം നാളെ. 

പഞ്ചവാദ്യത്തെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്പെടുത്തിയതിൽ മുഖ്യ പങ്കു വഹിച്ച തിമില കലാകാരനാണ് അന്നമനട പരമേശ്വര മാരാർ. അന്നമനട ത്രയം എന്നറിയപ്പെട്ടിരുന്ന തിമില കലാകാരൻമാരായ പീതാംബരന്റേയും അച്ചുതന്റേയും സീനിയർ പരമശ്വര മാരാരുടേയും പിൻഗാമിയായിരുന്നു. കലാമണ്ഡലത്തിൽ തിമില വിദ്യാർഥിയായി തുടക്കം. പിന്നെ, അവിടെ തന്നെ അധ്യാപകനായി. തൃശൂർ പൂരം മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ 44 വർഷം തിമില കൊട്ടി. 14 തവണ പ്രാമാണിത്വം വഹിച്ചു. പരമേശ്വരമാരാരുടെ വിരൽ വിന്യാസത്തോടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം തുടങ്ങുക.

2016 ലാണ് അദ്ദേഹം അവസാനമായി മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിയത്. പ്രമേഹ രോഗം മൂർച്ഛിച്ച് രണ്ടു വിരലുകൾ നീക്കം ചെയ്ത ശേഷം തിമിലയിൽ അപൂർവമായി മാത്രമേ കൈവച്ചിരുന്നുള്ളൂ. തിമിലയിലെ അന്നമനട ശൈലി എക്കാലത്തും വാദ്യ പ്രേമികളുടെ നെഞ്ചിൽ കനലായുണ്ടാകും. 

നിരവധി ശിഷ്യ സമ്പത്തിനുടമയാണ് പരമേശ്വര മാരാർ. പഞ്ചവാദ്യത്തിന്റെ അന്നമനട സ്റ്റൈൽ എക്കാലവും പൂരപറമ്പുകളിൽ ഇനിയും നിറഞ്ഞു നിൽക്കും . തിമിലയിലെ അടുത്ത തലമുറയ്ക്ക് മനഃപാഠമാണ് ഈ അന്നമനട ശൈലി. തിമിലയിൽ വിരൽ സ്പർശം കൊണ്ട് ഇന്ദ്രജാലം കാട്ടിയ വാദ്യകലാകാരനാണ് വിടപറയുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...