ശബരിമലയിൽ പുനരാലോചന; ഇനി തീവ്രനിലപാട് വേണ്ടെന്ന് സർക്കാർ തീരുമാനം

pinarayi-sabarimala
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ശബരിമല വിധി നടപ്പാക്കിയതിലെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ട എന്നാണ് തീരുമാനം. പരമ്പരാഗതമായി സിപിഎമ്മിന് കിട്ടുന്ന വോട്ടുകള്‍ പോലും ശബരിമലയുടെ പേരില്‍ ചോര്‍ന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.  

സിപിഎം സംസ്ഥാന–കേന്ദ്ര നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ കാര്യത്തില്‍ പുനരാലോചന. ശബരിമല പ്രശ്നം ലിംഗനീതിയുടേതാണ് എന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതിന് ഇനി ആവേശമുണ്ടാകില്ല. മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമീപിച്ചാല്‍ ഭരണഘടനാബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായി പൊലീസ് സംരക്ഷണം നല്‍കുന്നത് തുടരും. പ്രതിഷേധമുണ്ടായാല്‍ പൊലീസ് തന്നെ മുന്‍കയ്യെടുത്ത് തിരിച്ചിറക്കുകയും ചെയ്യും. ശബരിമലയില്‍ മാത്രം സര്‍ക്കാരിന് പ്രത്യേക ഉദ്ദേശമെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കും.  

വേഷപ്രച്ഛന്നരായി യുവതികളെ മലകയറ്റിയെന്നും ഒളിപ്പിച്ചുകടത്തിയെന്നുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കില്ല. ഇക്കാര്യത്തില്‍ വിശ്വാസികളില്‍ ഒരുവിഭാഗത്തെ കോണ്‍ഗ്രസിനും ബിജെപിക്കും തെറ്റിദ്ധരിപ്പിക്കാനായി എന്നായിരുന്നു സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. സ്ത്രീവോട്ടുകള്‍ കൂട്ടത്തോടെ വിട്ടുപോയെന്നും പാര്‍ട്ടി തിരിച്ചറിയുന്നു.  വിശ്വാസികളുടെ തെറ്റിദ്ധാരണ തീര്‍ക്കാന്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സമിതിക്കുശേഷം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് നേതാക്കള്‍ തന്നെ നേരിട്ട് ജനങ്ങളിലേക്കിറങ്ങും. 

സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ അവലോകനയോഗങ്ങളിലും ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. ശബരിമലയല്ല തിരഞ്ഞെടുപ്പ് തിരിച്ചടിക്കുകാരണമെന്ന് തോല്‍വിക്കുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ നിന്ന് ഭിന്നമാണ് ഈ വിലയിരുത്തലുകള്‍. ശബരിമലയിയുടെ പേരില്‍  നഷ്ടമായ പരമ്പരാഗത വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ താഴെതട്ടില്‍ മുതല്‍ ശ്രമം തുടങ്ങും. പാര്‍ട്ടിവോട്ടുകള്‍ മറിഞ്ഞോയെന്ന് ബ്രാഞ്ച് തലത്തില്‍ പരിശോധിച്ചാലേ കണ്ടെത്താനാകൂ. അങ്ങനെ സംഭവിച്ചയിടങ്ങളില്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശനമായ മുന്നറിയിപ്പ് നല്‍കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...