ബാധ്യത തീർക്കാൻ പൂജ; വസ്തു വിൽപന മുടക്കി? മന്ത്രവാദിക്കായി തിരച്ചിൽ

vishnavi-lekha-chandran-2
SHARE

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാകുറിപ്പിലെ പകുതിയിേലറെ ആരോപണങ്ങളും ഗൃഹനാഥനായ ചന്ദ്രന്‍ സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീട് വില്‍പ്പനയ്ക്ക് അമ്മ തടസം നിന്നെന്നും, കടബാധ്യത തീര്‍ക്കാതെ പൂജയില്‍ വിശ്വസിച്ചെന്നും മൊഴി. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യക്ക് കാരണമായതായി പൊലീസ് നിഗമനം.

പുറമേ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും  കുടുംബപ്രശ്നങ്ങളും പൂജകളുമടക്കം ആത്മഹത്യാകുറിപ്പിലെ ഭൂരിഭാഗം ആരോപണങ്ങളും ചോദ്യം ചെയ്യലില്‍ ചന്ദ്രന്‍ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. വീട് വിറ്റ് കടംവീട്ടാന്‍ ലേഖയും മകളും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ സമ്മതിച്ചില്ല. ഇത് മൂലം താനും വീട് വില്‍പ്പനയ്ക്ക് ശ്രമിച്ചില്ല. കടംവീട്ടുന്നതിനേക്കാള്‍ പൂജയിലായിരുന്നു വിശ്വാസം. എല്ലാ ദിവസവും വൈകുന്നേരും മൂന്ന് മണിക്കൂറെങ്കിലും പുരയിടത്തിലെ ആല്‍ത്തറയില്‍ പൂജ നടത്തുമെന്നുമാണ് ചന്ദ്രന്റെ മൊഴി. 

കുടുംബത്തിലെ വഴക്കുകള്‍ക്കൊപ്പം അവസാന പ്രതീക്ഷയായിരുന്ന വസ്തു വില്‍പ്പന മുടങ്ങിയതാവാം ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വസ്തുവില്‍പ്പന മുടക്കിയത് ചന്ദ്രന്‍ തന്നെയാണോയെന്നും സംശയിക്കുന്നുണ്ട്. അതിനാല്‍ വസ്തുവാങ്ങാമെന്ന് സമ്മതിച്ചയാളുടെ മൊഴിയെടുക്കും. ഇതോടെ മന്ത്രവാദം എന്ന ആരോപണം കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.

ആത്മഹത്യാകുറിപ്പിലെ ആരോപണം എന്നതിനപ്പുറം മന്ത്രവാദം നടക്കാറുണ്ടെന്നത് അയല്‍ക്കാരും സമ്മതിക്കുന്നുണ്ട്. ലേഖയെയും വൈഷ്ണവിയേയും നിര്‍ബന്ധിച്ച് ഇതില്‍ പങ്കെടുപ്പിച്ചോയെന്നും മാനസിക പീഡനങ്ങള്‍ക്ക് മന്ത്രവാദിക്കും പങ്കുണ്ടോയെന്നും കണ്ടത്താനാണ് പൊലീസിന്റെ ശ്രമം. അയല്‍ക്കാരുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.