19ന് കാസര്‍കോട്ട് റീപോളിങ്? കല്യാശേരിയിലെയും തൃക്കരിപ്പൂരിലെയും 4 ബൂത്തുകളിൽ

bogus-vote-election-2019
SHARE

കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിങിന് സാധ്യത. കല്യാശ്ശേരി, തൃക്കരിപ്പൂര്‍  എന്നിവടങ്ങളില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകര്‍കള്ളവോട്ട് ചെയ്തു എന്ന് തെളിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരികയാണെങ്കില്‍ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും.

കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ 19,69, 70 ബൂത്തുകളിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48ാം നമ്പര്‍ബൂത്തിലുമാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്. ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി, മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് റീ പോളിംങിന് സാധ്യത തെളിഞ്ഞത്.  പിലാത്തറ എയുപി സ്കൂളിലെ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്ന് സ്ത്രീകളാണ് കള്ളവോട്ട് ചെയ്തത്. ഇതില്‍ ഒരു പഞ്ചായത്തംഗവും ഉള്‍പ്പെടുന്നു. പുതിയങ്ങാടി ജമാഅത്ത് യുപി സ്കൂളിലെ രണ്ട് ബൂത്തുകളില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി തെളിഞ്ഞു. കൂളിയാട് സ്കൂളിലെ 48ാം നമ്പര്‍ബൂത്തിൽ സിപിഎം പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തത്. 

വീഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കള്ളവോട്ട് നടന്നുവെന്ന് കലക്ടര്‍ക്ക് തെളിയിക്കാനായത്. സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ട് കണ്ടെത്തുന്നതും  തുടര്‍നടപടികള്‍ വരുന്നതും. മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസറുടെ ശുപാര്‍ശപ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് റീപോളിംങിന് അനുവാദം നല്‍കേണ്ടത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച തന്നെ റീപോളിങിന് സാധ്യതയുണ്ട്. 

അതേസമയം,  കണ്ണൂരിലെ കള്ളവോട്ടില്‍ നിയമപോരാട്ടം കടുപ്പിച്ച് കോണ്‍ഗ്രസ്. പുതിയതായി നാല്‍പത്തിരണ്ട് പരാതികളാണ് സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതൃത്വം കലക്ടര്‍ക്ക് കൈമാറിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകഴിഞ്ഞും നിയമനടപടി തുടരാനാണ് ഡിസിസിയുടെ തീരുമാനം. 

ഇതുവരെ ഇരുന്നൂറ്റി നാല്‍പത്തിരണ്ട് പരാതികളാണ് കെ.സുധാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായ കെ.സുരേന്ദ്രന്‍ കലക്ടര്‍ക്ക് നല്‍കിയത്. ഇതില്‍ ധര്‍മ്മടം കുന്നിരിക്ക ബൂത്തില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനായ സായൂജിനെതിരെ പൊലീസ് കേസെടുത്തു. 199 പരാതികളില്‍ പ്രാഥമിക അന്വേഷണം നടക്കുന്നു. യഥാര്‍ഥ വോട്ടറെയും കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ടവരെയും വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ പ്രധാന സാക്ഷികളാക്കിയാണ് കോണ്‍ഗ്രസിന്റെ പരാതി. വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ സമീപിക്കുകയും ചെയ്തു.

കണ്ണൂരിലെ കള്ളവോട്ട് പൂര്‍ണമായും അവസാനിപ്പിക്കാന്‍ വോട്ടെണ്ണല്‍ കഴിഞ്ഞാലും നിയമനടപടി തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.