ബംഗാളിൽ പ്രചാരണത്തിന് കമ്മീഷന്റെ പൂട്ട്; പ്രതിഷേധവുമായി മമത

mamata-banerjee-1
SHARE

ബംഗാളില്‍ പരസ്യപ്രചാരണം വെട്ടിക്കുറച്ച് തിര‍ഞ്ഞെടുപ്പ് കമ്മിഷന്‍. മറ്റെന്നാള്‍ അവസാനിക്കേണ്ട പരസ്യപ്രചരാണം ഇന്ന് രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കണം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപ്പെട്ട ആഭ്യന്തര സെക്രട്ടറിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും കമ്മിഷന്‍ ചുമതലകളില്‍ നിന്ന് നീക്കി. നടപടിയെ മമത ബാനര്‍ജി ശക്തമായി വിമര്‍ശിച്ചു. 

ബംഗാളില്‍ ബി.ജെ.പി – തൃണമൂല്‍ സംഘര്‍ഷം അതിരുവിട്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ ഇടപെടല്‍. ഭരണഘടനയിലെ 324–ാം അനുച്ഛേദം കമ്മിഷന്‍ പ്രയോഗിച്ചു. കൊല്‍ക്കത്തയിലെ അമിത്ഷായുടെ റാലിക്കിടെ ഉള്‍പ്പെടെ നടന്ന വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് 24 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിയില്‍ ഇടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കമ്മിഷന്‍ നടപടിയെടുത്തു.

ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയെ ചുമതലകളില്‍ നിന്ന് നീക്കി. ചീഫ് സെക്രട്ടറിക്ക് അധിക ചുമതല നല്‍കി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ രാജീവ് കുമാറിനെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റി. അതേസമയം, കമ്മിഷന്‍ തീരുമാനത്തിനെതിരെ മമത ബാനര്‍ജി രംഗത്തെത്തി.

അടിയന്തരാവസ്ഥയ്‍ക്ക് സമാനമായ സാഹചര്യമാണ്. ഉദ്യോഗസ്ഥരെ മാറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം. മോദിയുടെ ആജ്ഞാനുവര്‍ത്തികളായ കമ്മിഷന്‍ പ്രവര്‍ത്തിക്കുകയാണെന്നും മമത ആരോപിച്ചു. 19ന് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ ഒന്‍പത് മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.