പ്രതിഷേധം കനത്തു; തലസ്ഥാനത്ത് ബാങ്കിന്റെ കൗണ്ടര്‍ തകര്‍ത്തു; 3 ശാഖകള്‍ തുറക്കില്ല

protest
SHARE

ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു.  കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം.  അടച്ചിടുന്നത് നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ്. 

അതേസമയം ‌തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയതിനെത്തുടർന്ന് സംഘർഷമുണ്ടായി, റിസപ്ഷന്‍ കൗണ്ടര്‍ തല്ലിതകര്‍ത്തു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.നെയ്യാറ്റിന്‍കര ശാഖയ്ക്ക്  രാവിലെമുതല്‍  നാട്ടുകാര്‍ ഉപരോധിക്കുകയാണ്.    

ജപ്തി  ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍  മരിച്ചശേഷവും  പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ പറ‍ഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചായിരുന്നു വിളികള്‍. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കിയതില്‍  ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാവിലെ  പോസ്മോര്‍ട്ടത്തിനുശേഷം  ഇരുവരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്കും. ‌

വീടും കിടപ്പാടവും ജപ്തി ചെയ്യുമെന്ന കാനറ ബാങ്കിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ്  ലേഖയും  വൈഷ്ണവിയും തീകൊളുത്തി മരിച്ചതെന്നാണ് പരാതി. പല തവണ ഫോണ്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. അതിനാല്‍ കേസെടുക്കുന്നതിന് മുന്‍പ് പ്രധാനമായും രണ്ട് കാര്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ജപ്തി സമ്മര്‍ദവുമായി തുടര്‍ച്ചയായി ഫോണ്‍ വിളിയെത്തിയോയെന്ന് അറിയാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കും. കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെ മൊഴികളും  നിര്‍ണായകമാവും. 

ബാങ്കിലെ വായ്പയുടെ രേഖകളും പൊലീസ് പരിശോധിക്കും. വായ്പ തിരിച്ച് പിടിക്കാനായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിര്‍േദശപ്രകാരമായിരുന്നു നടപടിയെന്ന വാദം ബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനാല്‍ നിയമവിദ്ധരുമായും ആലോചിച്ചാകും പൊലീസ്  തീരുമാനമെടുക്കുക. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ മാരായമുട്ടത്തേയ്ക്ക് കൊണ്ടു പോകും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.