മരണക്കുറിപ്പില്‍ വന്‍ ട്വിസ്റ്റ്; ഭര്‍ത്താവും അമ്മയും കൂട്ടാളികളും അറസ്റ്റില്‍

neyyatinkara-arrest
SHARE

നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ വഴിത്തിരിവായി ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്നും കുറിപ്പില്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, സഹോരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെ അറസ്റ്റുചെയ്തു. ബാങ്കിന്‍റെ ജപ്തി നടപടികളാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ആദ്യ നിഗമനം. 

വീട്ടില്‍ മന്ത്രവാദം നടന്നിരുന്നതായും അതിന് ലേഖ എതിരായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. അറസ്റ്റിലായ ചന്ദ്രനെ വീട്ടിലെത്തിച്ച് പൊലീസ് മൃതദേഹങ്ങള്‍ കാണിച്ചു. അറസ്റ്റിലായവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കിയേക്കും. 

വസ്തുവില്‍ക്കാന്‍ വേണ്ടി ചന്ദ്രന്‍റെ വീട്ടില്‍ തിങ്കളാഴ്ചയും മന്ത്രവാദം നടന്നുവെന്ന് ലേഖയുടെ സഹോദരി ഭര്‍ത്താവ്  ദേവരാജന്‍. അതിന് ലേഖ എതിരായിരുന്നുവെന്നും  ദേവരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്ന സ്ഥിരീകരിച്ച് ലേഖയുടെ സഹോദരി ബിന്ദുവും. മന്ത്രവാദത്തിനും പൂജയ്ക്കും ലേഖ എതിരായിരുന്നുവെന്നും ബിന്ദു മനോരമ ന്യൂസിനോട് പറഞ്ഞു. 

ട്വിസ്റ്റ് സംഭവിച്ചത് ഇങ്ങനെ: 

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ ചുറ്റി നീങ്ങിയ അന്വേഷണം ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണ് വഴിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തിമരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിക്കുന്ന കുറിപ്പ്. കുറിപ്പില്‍ പറയുന്നത് ഇങ്ങനെ–  വീട് ജപ്തിയുടെ ഘട്ടത്തിലെത്തിയപ്പോഴും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ല. ആല്‍ത്തറയുണ്ടെന്ന കാരണത്താല്‍ വസ്തുവിറ്റ് കടംവീട്ടുന്നതിന് ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ തടസം നിന്നു. 

തന്നെയും മകളെയുംകുറിച്ച് അപവാദം പറഞ്ഞു. വീട്ടില്‍ മന്ത്രവാദം നടത്താറുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ നിരന്തരം പീഡിപ്പിക്കുകയും വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ചന്ദ്രന് വേറെ വിവാഹം ആലോചിച്ചെന്നും കുറിപ്പിലുണ്ട്. ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനെയും ബന്ധുക്കളെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ആരോപണം പ്രതികള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രന്‍, കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയിലെടുത്തു.

ബാങ്കില്‍ നിന്നുള്ള ജപ്തിഭീഷണി ഇപ്പോള്‍ അന്വേഷണപരിധിയിലില്ല. ചന്ദ്രനും ബന്ധുക്കളും ബാങ്കിനെ പഴിപറഞ്ഞത് തെറ്റിദ്ധാരണപരത്താനാണോ എന്നും പൊലീസ് അന്വേഷിക്കും. ഇന്നുരാവിലെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചന്ദ്രന്‍ ബാങ്കിനെ പഴിപറഞ്ഞിരുന്നു.

വിശദമായ മൊഴിയെടുപ്പിനും ശാസ്ത്രീയപരിശോധനകള്‍ക്കും ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ. പ്രതികളെ നരുവാമൂട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.