ആദ്യ തീവ്രവാദി ഗോഡ്സെ തന്നെ; നിലപാടിൽ ഉറച്ച് കമല്‍ഹാസൽ

kamal
SHARE

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കമല്‍ഹാസന്‍. താന്‍ ചരിത്രസത്യം മാത്രമാണ് പറഞ്ഞത്. ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളാണ് തെറ്റുകാരെന്നും കമല്‍ തിരുപ്പറംകുണ്ട്രം തോപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു

ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയാണ് ആ തീവ്രവാദി. അവിടെ നിന്നാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. എല്ലാവര്‍ക്കും തുല്ല്യത ഉറപ്പാക്കുന്ന ഇന്ത്യയാണ് തന്‍റെ സ്വപ്നമെന്നും കമല്‍ കഴി‍ഞ്ഞ ദിവസം പറഞ്ഞിരുന്നു. അരുവാക്കുറിച്ചിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു. കമല്‍ഹാസന്‍റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തു വന്നു  

ഹിന്ദു തീവ്രവാദത്തെക്കുറിച്ചുള്ള പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം രംഗത്തെതി. കമലിന്റെ പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഹിന്ദുവിരുദ്ധമായി ചിത്രീകരിച്ചെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. ഇതിനിടെ കമല്‍ഹാസനെതിരെ കേസെടുക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. 

മതങ്ങളുടെ സഹിഷ്ണുതയും വര്‍ഗീയചേരിതിരിവില്ലാത്ത സമൂഹനിര്‍മിതിയും മുന്നില്‍ക്കണ്ട് നടത്തിയ പ്രസംഗത്തിലെ ഒരുഭാഗമാണ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കിയതെന്ന് മക്കള്‍ നീതി മയ്യം വിശദീകരിച്ചു. ഏത് മതവിഭാഗത്തില്‍ നിന്നുള്ള തീവ്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതും ചെറുത്ത് തോല്‍പ്പിക്കേണ്ടതുമാണ് എന്ന സന്ദേശമാണ് പ്രസംഗത്തിലുടനീളം പാര്‍ട്ടി അധ്യക്ഷന്‍ നല്‍കിയത്. അതില്‍ നിന്ന് ഒരുഭാഗം മാത്രമെടുത്ത് പെരുപ്പിച്ചുകാട്ടി ഹിന്ദുവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. 

അധികാരപരിധിയില്‍ പെടാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിനെതിരെ കേസെടുക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കോടതി വ്യക്തമാക്കി.  കേസെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. സമാനമായ പരാതിയില്‍ കമല്‍ഹാസനെതിരെ തമിഴ്നാട് ആല്‍വാക്കുറിച്ചി പൊലീസ് കേസെടുത്തിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.