പ്രത്യേക അധികാരം ഉപയോഗിച്ചു; ബംഗാളിൽ പരസ്യപ്രചാരണം വെട്ടിക്കുറച്ചു

bengal-attacks
SHARE

ബംഗാളില്‍ പരസ്യപ്രചാരണം നാളെ രാത്രി 10ന് അവസാനിക്കും. വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്മിഷന്‍ നടപടി.‌ മറ്റന്നാള്‍ വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കേണ്ടിയിരുന്നത്.

ബംഗാളില്‍ അമിത്ഷായുടെ റാലിക്കിടെ സാമൂഹ്യപരിഷ്കര്‍ത്താവ് ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. അതേസമയം, സംഘര്‍ഷത്തിന് കാരണം തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച അമിത്ഷാ, മമതയ്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു. സംഘര്‍ഷത്തില്‍ അമിത്ഷായ്‍ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു.

അവസാനഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ബംഗാളിന്റെ വികാരമായ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവം ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് തൃണമൂല്‍. പ്രതിമ തകര്‍ത്തതില്‍ പങ്കില്ലെന്നാണ് ബി.ജെ.പി നിലപാട്. പ്രതിമ നിലനിന്ന കോളജിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡിലായിരുന്നുവെന്നും അമിത്ഷാ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബി.ജെപിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് തൃണമൂല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍. 

പ്രതിമ തകര്‍ത്തതിനെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രെയിന്‍ വിതുമ്പി. അതേസമയം, ബംഗാളിലെ അക്രമസംഭങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചു. തൃണമൂലിനും ബി.ജെ.പിക്കുമെതിരെ കൊല്‍ക്കത്തയില്‍ ഇടതുപാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനിടെ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബംഗാളിലെ സ്ഥിതി വിലയിരുത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.