കമ്മിഷൻ നടപടി അപ്രതീക്ഷിതം; പാർട്ടികൾക്ക് തിരിച്ചടി; അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് മമത

bengal-clash
SHARE

ബംഗാളില്‍ പരസ്യപ്രചാരണം നാളെ രാത്രി 10ന് അവസാനിക്കും. വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്മിഷന്‍ നടപടി.‌ മറ്റന്നാള്‍ വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കേണ്ടിയിരുന്നത്.

19ന് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ ഒന്‍പത് മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. അതിനാൽ ഒരു ദിവസം മുന്നേ  പരസ്യപ്രചാരണം വെട്ടിക്കുറച്ച്ത് എല്ലാ പാർട്ടികൾക്കും വലിയ തിരിച്ചടിയാണ്. നാളെ പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

ബംഗാളില്‍ ബി.ജെ.പി – തൃണമൂല്‍ സംഘര്‍ഷം അതിരുവിട്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ ഇടപെടല്‍. ഭരണഘടനയിലെ 324–ാം അനുച്ഛദം കമ്മിഷന്‍ പ്രയോഗിച്ചു. കൊല്‍ക്കത്തയിലെ അമിത്ഷായുടെ റാലിക്കിടെ ഉള്‍പ്പെടെ നടന്ന വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് 24 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കുന്നത്. 

തിരഞ്ഞെടുപ്പ് നടപടിയില്‍ ഇടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കമ്മിഷന്‍ നടപടിയെടുത്തു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയെ ചുമതലകളില്‍ നിന്ന് നീക്കി. ചീഫ് സെക്രട്ടറിക്ക് അധിക ചുമതല നല്‍കി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ രാജീവ് കുമാറിനെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റി. 

അതേസമയം, കമ്മിഷന്‍ തീരുമാനത്തിനെതിരെ മമത ബാനര്‍ജി രംഗത്തെത്തി. അടിയന്തരാവസ്ഥയ്‍ക്ക് സമാനമായ സാഹചര്യമാണ്. ഉദ്യോഗസ്ഥരെ മാറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം. മോദിയുടെ ആജ്ഞാനുവര്‍ത്തികളായ കമ്മിഷന്‍ പ്രവര്‍ത്തിക്കുകയാണെന്നും മമത ആരോപിച്ചു. 

'പ്രധാനമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നു'. അമിത്ഷായ്ക്കെതിരെ നടപടി വേണം.  ഈശ്വര്‍ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത ബി.െജ.പിയോട് ബംഗാളിലെ ജനങ്ങള്‍ ക്ഷമിക്കില്ല. ഉദ്യോഗസ്ഥരെ മാറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും മമത ആരോപിച്ചു.

അതേസമയം ബംഗാളില്‍ അമിത്ഷായുടെ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ കനക്കുന്നു. സാമൂഹ്യപരിഷ്കര്‍ത്താവ് ഈശ്വര്‍ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് തെളിക്കുന്ന ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. സംഘര്‍ഷത്തില്‍ അമിത്ഷായ്‍ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. മമതയെ ബംഗാളിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി റാലിക്ക് മറുപടിയായി മമത കൊല്‍ക്കത്തയില്‍ ശക്തിപ്രകടനം നടത്തി.

അവസാനഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഏറ്റുമുട്ടല്‍ പരകോടിയിലെത്തി. ബംഗാളിന്റെ വികാരമായ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത ദൃശ്യങ്ങള്‍ പുറത്തുവിട്ട തൃണമൂല്‍ സംഭവം ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി. വാര്‍ത്താസമ്മേളനത്തില്‍ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രെയിന്‍ വിതുമ്പി. 

സംഘര്‍ഷത്തിന് കാരണം തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച അമിത് ഷാ പ്രതിമ തകര്‍ത്തതില്‍ പങ്കില്ലെന്ന് അവകാശപ്പെട്ടിരുന്നു. മമത ബാനര്‍ജി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും ജനാധിപത്യത്തെ കൊല്ലുകയാണെന്നും ബംഗാളിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. അമിത് ഷായുടെ റാലി നടന്ന കൊല്‍ക്കത്തയിലെ അതേതെരുവില്‍ ആയിരക്കണക്കിന് അനുയായികള്‍ക്കൊപ്പം ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി പദയാത്ര നടത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.