വൈദികനിൽ നിന്ന് പൊലീസ് തട്ടിയ 6 കോടിയില്‍ 2.38 കോടി പിടിച്ചെടുത്തു; കുരുക്ക് മുറുകുന്നു

punjab-police-arrest-2
SHARE

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികനില്‍നിന്ന് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത ആറ് കോടിയില്‍ 2.38 കോടി കണ്ടെടുത്തു. കൊച്ചിയില്‍ അറസ്റ്റിലായ രണ്ട് എ.എസ്.ഐമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബിലെ അഞ്ചിടങ്ങളില്‍നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായി പഞ്ചാബ് ഡിജിപി വ്യക്തമാക്കി. 

ഫാദര്‍ ആന്റണി മാടശേരിയില്‍നിന്ന് പിടിച്ചെടുത്ത പണം വിദേശത്തേയ്ക്ക് കടത്തിയെന്നായിരുന്നു കൊച്ചിയില്‍ പിടിയിലായ ജോഗീന്ദര്‍ സിങ്, രാജ്പ്രീത് സിങ് എന്നീ എഎസ്ഐമാര്‍ നല്‍കിയിരുന്ന മൊഴി. എന്നാല്‍ അന്വേഷണ സംഘത്തലവനായ ഛണ്ഡിഗഢ് ഐ.ജി പ്രവീണ്‍ കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പണം പലയിടത്തായി ഒളിപ്പിച്ചിരിക്കുകയാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പഞ്ചാബിലെ അഞ്ചിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് പേരില്‍നിന്ന് 2 കോടി 38ലക്ഷം രൂപ കണ്ടെടുത്തു. 

മന്‍സ ജില്ലയില്‍പ്പെട്ട റായ്പുര്‍ ഗ്രാമത്തിലെ നിര്‍മല്‍ സിങ് എന്നയാളില്‍നിന്നുമാത്രം ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്. പണം കൈവശംവച്ച ആറ് പേര്‍ ഇതുവരെ അറസ്റ്റിലായി. വിശദമായ അന്വേഷണത്തില്‍ ശേഷിക്കുന്ന മുഴുവന്‍ പണവും കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. അതേസമയം, ഖന്ന ജില്ലാ പൊലീസിലെ ഉന്നതഉദ്യോഗസ്ഥര്‍തന്നെ സംശയത്തിന്‍റെ നിഴലിലായ സംഭവത്തിന്റെ അന്വേഷണമേല്‍നോട്ടം പഞ്ചാബ് സംസ്ഥാന പൊലീസ് മേധാവി ദിനകര്‍ ഗുപ്ത നേരിട്ട് ഏറ്റെടുക്കും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.