വരാണസിയിൽ ഉറച്ച് പ്രിയങ്ക: ‘ഞാൻ തയാർ, നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കും’

priyanka-wayanad-21
SHARE

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ എ.െഎ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക വയനാട്ടില്‍ പറഞ്ഞു. വാരാണസിയില്‍ കോണ്‍ഗ്രസ് ഇനിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുകയാണ്. പ്രിയങ്കയ്ക്കുവേണ്ടി യുപി കോണ്‍ഗ്രസ് നേതൃത്വം കണക്കുകള്‍ നിരത്തി രംഗത്തിറങ്ങിക്കഴിഞ്ഞു.

രാജ്യം ഉറ്റുനോക്കുന്ന ആ പോരാട്ടത്തിന് ഗംഗാതടത്തില്‍ വേദിയൊരുങ്ങുമോ? ഏവരും ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയുടെ മറുപടിക്കായാണ്. പാര്‍ട്ടി അധ്യക്ഷന്‍ ആവശ്യപ്പെട്ടാല്‍ മല്‍സരത്തിനിറങ്ങാന്‍ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി. പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക നിലപാട് ആവര്‍ത്തിച്ചത്.രാജ്യത്ത് തുല്യതയും നീതിയും ഉറപ്പാക്കാനുള്ള അവസരമാണിതെന്നും പ്രിയങ്ക പറഞ്ഞു.

വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഈ മാസം ഇരുപത്തിയൊന്‍പതാണ്. നരേന്ദ്ര മോദി 26ന് പത്രിക നല്‍കും. മോദിക്കെതിരെ പ്രിയങ്കയെ മല്‍സരിപ്പിക്കുന്നതിലെ നേട്ടങ്ങള്‍ യുപി ഘടകം കോണ്‍ഗ്രസ് നേതൃത്വത്തെ അറയിച്ചു കഴിഞ്ഞു. പൊതുസ്ഥാനാര്‍ഥിയെന്ന നിലയില്‍ പ്രിയങ്ക മല്‍സരിച്ചാല്‍ സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. 

കന്നി വോട്ടര്‍മാരുടെയും സ്ത്രീ വോട്ടര്‍മാരുടെയും പ്രാധാന്യം പ്രിയങ്കയ്ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു. മോദിക്കെതിരെയുള്ള ചില പ്രാദേശിക എതിര്‍പ്പുകള്‍ തുണച്ചേയ്ക്കും. പ്രിയങ്കയുടെ ഗംഗായാത്രയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സഹോദരിയുടെ സ്ഥാനാര്‍ഥിത്വം രാഹുല്‍ തള്ളിയിട്ടുമില്ല. മോദിക്ക് മറ്റൊരു മണ്ഡലത്തിലും കൂടി മല്‍സരിക്കാന്‍ അവസരം നല്‍കാതെ അവസാന നിമിഷത്തെ സര്‍പ്രൈസായി പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കുമെന്ന വാദവുമുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.