കൊളംബോയിൽ വീണ്ടും സ്ഫോടനം; രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്

colombo-new
SHARE

ശ്രീലങ്കയിലെ കൊളംബോയിൽ വീണ്ടും സ്ഫോടനം. ദെഹിവാലയിലാണ് സ്ഫോടനം നടന്നത്. രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയുണ്ടായ സ്ഫോടനത്തിൽ ആകെ  168 പേര്‍ കൊല്ലപ്പെട്ടു. 400 പേര്‍ ആശുപത്രികളിലാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. മരിച്ചവരിൽ മലയാളിയും ഉള്‍പെട്ടിട്ടുണ്ട്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ്. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. 

ഈസ്റ്റർ ആഘോഷത്തിനിടെയാണ് ശ്രീലങ്കയിൽ സ്ഫോടന പരമ്പര. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ മുന്നൂറോളം പേർക്കു പരുക്കേറ്റതായി പൊലീസ് അറിയിച്ചു.  ഈസ്റ്റർ പ്രാർഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്. 

ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്ഫോടനങ്ങൾ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബട്ടിക്കലോവയിലെ പള്ളി എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി. 

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. 

കൊച്ചിക്കാടെ, കാതന, ബാട്ടിക്കലോവ എന്നിവിടങ്ങളിലെ മൂന്നു പള്ളികളിലാണു രാവിലെ സ്ഫോടനങ്ങളുണ്ടായത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവയിലെ സിയോൺ ചർ‌ച്ച് എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളന്‍ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവർത്തിക്കുന്നതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോർ ചർച്ച്. സ്ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്തുള്ളതാണ്. അക്രമികളെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.