വ്യാപക സംഘര്‍ഷത്തിനിടെ രണ്ടാംഘട്ട വോട്ടെടുപ്പ്; പോളിങ് ഓഫീസറെ കൊലപ്പെടുത്തി

election-second-phase
SHARE

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ 95 മണ്ഡലങ്ങളില്‍ ഭേദപ്പെട്ട പോളിങ്. ബംഗാളിലെ റായ്ഗഞ്ചില്‍ സിപിഎം സ്ഥാനാര്‍ഥിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്‍റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പുണ്ടായി. ഒഡീഷയില്‍ വനിതാപോളിങ് ഓഫീസറെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. ഛത്തീസ്ഗഡലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിടുന്നുെവന്നാരോപിച്ച് ബിജെപി പരാതി നല്‍കി. 

രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷമുണ്ടായി. റായ്ഗഞ്ച് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയും പൊളിറ്റ് ബ്യൂറൊ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. അകമ്പടി വാഹനത്തിന് വെടിയേറ്റു. സംഭവത്തിനുപിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. തൃണമൂല്‍–ബിജെപി സംഘര്‍ഷത്തിനിടെ ഡാര്‍ജലിങ്ങിലെ ചോപ്രയില്‍ വോട്ടിങ് യന്ത്രം തകര്‍ന്നു. രണ്ട് ബൂത്തുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ബിജെപി സ്ഥാനാര്‍ഥി ദേവശ്രീ ചൗധരിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. 

മഹാരാഷ്ട്രയിലെ പത്ത് മണ്ഡലങ്ങളിൽ കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടെ നടന്ന വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു.  ഒസ്മാനാബാദിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് ഫേസ്ബുക്ക് ലൈവ് ഇട്ട എൻസിപി യുവനേതാവ് പ്രണവ് പാട്ടീലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 തമിഴ്നാട്ടില്‍ കടലൂരിലെ ബൂത്തിൽ  വോട്ടിങ്ങ് മെഷീനിൽ ദിനകരന്റെ പാർട്ടി ചിഹ്നത്തിന് നേരെ ബട്ടൺ ഇല്ലാത്തത് സംഘർഷത്തിനിടയാക്കി. ശ്രീപെരുംപുത്തൂരിൽ അണ്ണാ ഡിഎംകെ പ്രവർത്തകർ ബൂത്തിനുള്ളിൽ നിന്ന് പണം വിതരണം ചെയ്തെന്ന ആരോപണവുമായി മക്കൾ നീതി മയ്യം പ്രവർത്തകർ രംഗത്തെത്തി. അണ്ണാ ഡിഎംകെ പ്രവർത്തകർ സിസിടിവി ക്യാമറകൾ തകർത്തെന്നും ബൂത്തുകൾ പിടിച്ചെടുത്തെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.