സ്ത്രീകള്‍ പ്രാര്‍ഥിക്കേണ്ടത് വീടുകളിൽ; സ്ത്രീ പ്രവേശത്തിൽ കടുത്ത നിലപാടുമായി സമസ്ത

samastha
SHARE

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിര്‍ത്ത് സമസ്ത. വിശ്വാസസ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സമസ്ത  ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. മുസ്‍ലിം സ്ത്രീകള്‍ സ്വന്തം വീടുകളിലാണ് പ്രാര്‍ഥിക്കേണ്ടത്. ശബരിമല പ്രശ്നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് അംഗീകരിക്കണമെന്നും ആലിക്കുട്ടി മുസലിയാര്‍ മലപ്പുറത്ത് പറഞ്ഞു. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ല. ശബരിമല പ്രശ്നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് അംഗീകരിക്കണമെന്നും സമസ്ത നിലപാടെടുത്തു.

അതിനിടെ മുസ്‍ലിം പളളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിയില്‍  മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസയച്ചു. ശബരിമല യുവതീപ്രവേശവിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ തുല്യത അവകാശപ്പെടാന്‍ കഴിയുമോന്ന് പരിശോധിക്കാനും തീരുമാനിച്ചു.

ജമാ അത്തെ ഇസ്‍ലാമിയുടെയും മുജാഹിദിന്‍റെയും പളളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ സുന്നി പളളിയില്‍ പ്രവേശനം നിഷേധിക്കുന്നുവെന്നാണ് മഹാരാഷ്ട്രയിലെ മുസ്‍ലിം ദമ്പതികളുടെ പരാതി. പളളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹര്‍ജിക്കാരിയെ ആരെങ്കിലും തടയാന്‍ ശ്രമിച്ചോ, മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ജസ്റ്റിസ് എസ്.എ. ബൊബ്ഡെ അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ആദ്യമുണ്ടായത്. മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ മറുപടി. 

വ്യക്തികളല്ല, സ്റ്റേറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ബോര്‍ഡാണ് തടയുന്നത്. പ്രവേശനത്തിന് പൊലീസ് സഹായം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാരി പരാതിപ്പെട്ടു. അന്യന്‍റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ കഴിയുമോയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മുസ്‍ലിം, ക്രിസ്ത്യൻ പള്ളികൾ സർക്കാർ സംവിധാനം അല്ലല്ലോയെന്നും നിരീക്ഷിച്ചു. സർക്കാർ ഇതര സംവിധാനത്തിൽ തുല്യത അവകാശപ്പെടാൻ സാധിക്കുമോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസര്‍ക്കാര്‍, മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവ അടക്കം ഏഴ് എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.