രാജ്യത്ത് എല്ലാ മതക്കാര്‍ക്കും സന്തോഷത്തോടെ ജീവിക്കണം; കേരളം മാതൃക: രാഹുല്‍

rahul5
SHARE

കേരളത്തില്‍ മല്‍സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഇന്ത്യ ഒരു കാഴ്ചപ്പാടല്ല ഒരുപാട് ചിന്തകളുടെ സമന്വയമാണെന്ന സന്ദേശമാണ് നല്‍കുന്നത്.  ഈ നാടിന്റെ സഹിഷ്ണുതയുടെ ചരിത്രം ആണ് എന്നെ ആകര്‍ഷിച്ചത്. സാമൂഹ്യസമന്വയത്തിന്റെ മികച്ച ഉദാഹരണമായതിനാലാണ് കേരളം തിരഞ്ഞെടുത്തത്. രണ്ട് രാജ്യങ്ങളെക്കുറിച്ച് പറഞ്ഞ് അമിത് ഷാ നടത്തിയ പരാമര്‍ശത്തിനെതിരെയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. 

പര്യടനത്തിലെ ആദ്യപരിപാടിയായ പത്തനാപുരത്ത് ആര്‍എസ്എസിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. രാജ്യം ആര്‍എസ്എസില്‍ നിന്ന് വലിയ ആക്രമണം നേരിടുന്നുവെന്നും ആര്‍എസ്എസിന്റേതല്ലാത്ത എല്ലാ ശബ്ദങ്ങളേയും തച്ചുതകര്‍ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അഹിംസയിലൂടെ കോണ്‍ഗ്രസ് ഇതിനെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഈ രാജ്യത്തെ ഓരോ വ്യക്തിയും ഏത് മതത്തില്‍ പെട്ട ആളായാലും സന്തോഷത്തോടെ ഓരോ വ്യക്തിയും ജീവിക്കണം. കേരളം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ഇതുകൊണ്ടാണ് ഞാന്‍ കേരളം തിരഞ്ഞെടുത്തത്. 

രാഹുൽ പത്തനംതിട്ടയിൽ പറഞ്ഞത്

ആര്‍എസ്എസിന്റെ വിദ്വേഷരാഷ്ട്രീയത്തെ സ്നേഹം കൊണ്ട് നേരിടുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യ ഒരുപാട് ആശയങ്ങളുടെ സമന്വയമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താനാണ് കേരളത്തില്‍ മല്‍സരിക്കുന്നതെന്നും അദ്ദേഹം പത്തനാപുരത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ന്യായ് പദ്ധതി നടപ്പാക്കാനുള്ള പണം മധ്യവര്‍ഗത്തില്‍ നിന്ന് പിടിച്ചുവാങ്ങുമെന്ന നരേന്ദ്രമോദിയുടെ ആരോപണം കളവാണെന്നും രാഹുല്‍ തിരിച്ചടിച്ചു.

വയനാട്ടില്‍ പത്രിക നല്‍കിയശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണത്തിനിറങ്ങിയത്. സിപിഎമ്മിനെതിരെ ഒരു വാക്കുപോലും പറയില്ലെന്ന ഉറപ്പ് പത്തനാപുരത്തെ യോഗത്തില്‍ അദ്ദേഹം അക്ഷരാ‍ര്‍ഥത്തില്‍ പാലിച്ചു. പോര്‍മുന മുഴുവന്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ. 

ആര്‍എസ്എസ് എതിര്‍ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്നു. അതിനെ കോണ്‍ഗ്രസ് സ്നേഹം കൊണ്ടും അഹിംസ കൊണ്ടും നേരിടും. കേരളത്തില്‍ മല്‍സരിക്കുന്നതിന് കാരണവും ആര്‍എസ്എസിന്റെ തെറ്റായ ശൈലി തുറന്നുകാട്ടാനാണ്.

 കേരളത്തില്‍ മല്‍സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണ്. ഇന്ത്യ ഒരു കാഴ്ചപ്പാടല്ല ഒരുപാട് ചിന്തകളുടെ സമന്വയമാണെന്ന സന്ദേശമാണ് നല്‍കുന്നത്. സാമൂഹ്യസമന്വയത്തിന്റെ മികച്ച ഉദാഹരണമായതിനാലാണ് കേരളം തിരഞ്ഞെടുത്തത്. ന്യായ് പദ്ധതി നടപ്പാക്കാന്‍ മധ്യവര്‍ഗത്തെ ബലിയാടാക്കുമെന്ന മോദിയുടെ ആരോപണം രാഹുല്‍ തള്ളി.  ആദായനികുതി കൂട്ടില്ല. അനില്‍ അംബാനിയെപ്പോലുള്ള അതിസമ്പന്നരില്‍ നിന്ന് പണം ഈടാക്കും.

കശുവണ്ടി തൊഴിലാളികളും കര്‍ഷകരും ഏറെയുള്ള കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ സംയുക്ത റാലിയാണ് പത്തനാപുരത്ത് നടന്നത്. ഈ മേഖലകളിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രസംഗവും വാഗ്ദാനങ്ങളും ബിജെപിക്കൊപ്പം സിപിഎമ്മിനും വെല്ലുവിളിയാണ്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.