ലീഗിനെതിരായ ‘വൈറസ്’ പരാമര്‍ശത്തിൽ കുരുങ്ങി; യോഗിക്ക് കമ്മീഷന്റെ വിലക്ക്

yogi-mayawati-1
SHARE

മുസ്‍ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് നാളെ രാവിലെ ആറുമുതല്‍   മൂന്നുദിവസത്തേക്ക് യോഗിക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയെയും രണ്ടുദിവസത്തേക്ക് വിലക്കി. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായി മണിക്കൂറുകള്‍ക്കകമാണ് നടപടി. അതേസമയം, റഫാല്‍ വിധിയുമായി ബന്ധപ്പെട്ട് കാവല്‍ക്കാരന്‍ കളളനാണെന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു.‌

മുസ്‍ലിം ലീഗ് എന്ന വൈറസ് കോണ്‍ഗ്രിനെ ബാധിച്ചിരിക്കുകയാണെന്നാണ് ട്വിറ്ററിലൂടെ യോഗി ആദിത്യനാഥ് ആരോപിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന് കാരണക്കാരായ അതേ മുസ്‍ലിം ലീഗാണ് കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെന്നും ആരോപിച്ചു. ഇതിന് പിന്നാലെയായിരുന്നു അലി..ബജ്‍രംഗ് ബലി പരാമര്‍ശം. അലിയെയാണ് കോണ്‍ഗ്രസിന് വിശ്വാസമെങ്കില്‍ ബജ്‍രംഗ് ബലിയെയാണ് ബി.ജെ.പിക്ക് വിശ്വാസമെന്നായിരുന്നു യോഗിയുടെ വാക്കുകള്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണഘടന ഉയര്‍ത്തിപിടിക്കേണ്ടയാള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍, യോഗിക്ക് മൂന്നുദിവസത്തെ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. നടപടിയെ കുറിച്ച് മുസ്‍ലിം ലീഗിന്‍റെ പ്രതികരണം ഇങ്ങനെ.

മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന് ആരോപണമുയര്‍ന്ന യോഗിക്കും മായാവതിക്കുമെതിരെ എന്തുനടപടിയെടുത്തെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് രാവിലെ ആരാഞ്ഞതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയുണ്ടായത്. അതേസമയം, റഫാല്‍ വിധിയുമായി ബന്ധപ്പെട്ട് ചൗക്കീദാര്‍ ചോര്‍ ഹെ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ഇക്കാര്യം പരാമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് നോട്ടിസയക്കാന്‍ ഉത്തരവിട്ടു. പി.എം. നരേന്ദ്രമോദി സിനിമ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിയും കോടതി പരിഗണിച്ചു. സിനിമ കണ്ട ശേഷം പെരുമാറ്റചട്ടലംഘനമുണ്ടോയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു‌.

MORE IN Breaking News
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.