യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്: പ്രതികൾ കുറ്റംസമ്മതിച്ചു

kollam-thushara-02-04
SHARE

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റംസമ്മതിച്ചു. തുഷാരയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ഭർത്താവ് ചന്തുലാല്‍ പറഞ്ഞു. രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കാമെന്ന് വാക്കുറപ്പിച്ചിരുന്നതായി ഭർതൃമാതാവ് ഗീതാലാല്‍ പറഞ്ഞു. പ്രതികളെ കൊട്ടാരക്കര റൂറല്‍ എസ്.പി ചോദ്യം ചെയ്യുന്നു

സ്ത്രീധന ബാക്കിയുടെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) ഭർതൃഗൃഹത്തിലെ കൊടിയ പീഡനങ്ങൾക്കൊടുവിലാണ് മരിച്ചതെന്നു വ്യക്തമായത് പൊലീസ് അന്വേഷണത്തിലാണ്. കഴിഞ്ഞ 21നു രാത്രി 12ന് തുഷാര മരിച്ച വിവരമറിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. സ്ത്രീധന ബാക്കി നൽകാത്തതിന്റെ പേരിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീതാലാലും ചേർന്ന് മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകറ്റുകയായിരുന്നു.

വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും ജില്ലയിലെ തൃക്കരുവ വില്ലേജിൽ കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം. അവിടെ ആഭിചാരക്രിയകൾ നടത്തുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉയർന്ന എതിർപ്പുകൾ കാരണം സ്ഥലവും വീടും വിറ്റാണ് ചെങ്കുളത്ത് താമസം ആക്കിയത്. ഇവിടെയും നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. വീടിനകത്ത് ചെറിയ പൂജ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

കല്യാണം കഴിഞ്ഞിട്ട് മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാരയുടെ വീട്ടിൽ പോയത്. ഇതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയിൽ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാൽ ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനെത്തുടർന്ന് കുട്ടിയെ കാണിച്ചു. ഇനി ആരും തന്നെ കാണാൻ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും തുഷാര അറിയിച്ചതിനാൽ പിന്നീട് ബന്ധുക്കൾ ആരും തുഷാരയുടെ ഭർതൃവീട്ടിൽ പോയില്ല. ഈ സമയത്താണ് തുഷാരയോടുള്ള ക്രൂരതകൾ തുടർന്നത്. ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ ഇല്ലാതെ ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നു പൊലീസും അറിയിച്ചു.

റൂറൽ എസ്പി കെ.ജി.സൈമന്റെ നിർദേശ പ്രകാരം ഡിവൈഎസ്പി ദിനരാജ്, സിഐ എസ്.ബി.പ്രവീൺ, എസ്ഐ ശ്രീകുമാർ, അഡീഷനൽ എസ്ഐ ജയപ്രദീപ്, എസ് സിപിഒ ഷിബു, വനിത എസ് സിപിഒ ലൈല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചന്തുലാലിന്റെ സഹോദരിയും ഭർത്താവും യുവതിയെ പീഡിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും അക്കാര്യവും അന്വേഷിക്കണമെന്നും യുവതിയുടെ ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE