റസൽ-ഗിൽ വെടിക്കെട്ട്; സൺ റൈസേഴ്സിനെതിരെ കൊൽക്കത്തയ്ക്ക് ആവേശജയം

ipl-kkr-srh-24
SHARE

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറുവിക്കറ്റ് വിജയം. 182 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ടുപന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു. 19 പന്തില്‍ 49 റണ്‍സ് നേടിയ ആന്ദ്രേ റലസാണ് അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യത്തിലേയ്ക്ക് കൊല്‍ക്കത്തയെ നയിച്ചത് . യുവതാരം ശുഭ്മാന്‍ ഗില്‍ 10 പന്തില്‍ 18 റണ്‍സെടുത്തു . ഗില്‍ റസല്‍ കൂട്ടുകെട്ട് 25 പന്തില്‍ 65 റണ്‍സ് നേടി കൊല്‍ക്കത്തയെ ലക്ഷ്യത്തിലെത്തിച്ചു .

16–ാം ഓവറിന്റെ മൂന്നാം പന്തിൽ റാണയെ റാഷിദ് ഖാൻ എൽബിയിൽ കുരുക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. ആറു വിക്കറ്റും 27 പന്തും ബാക്കിനിൽക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 64 റൺസ്. എന്നാൽ, അവിടുന്നങ്ങോട്ട് തകർത്തടിച്ച റസൽ സൺറൈസേഴ്സിനെ വിജയത്തിൽനിന്നകറ്റി. അവസാന മൂന്ന് ഓവറിൽ കൊൽക്കത്തയുടെ റൺ സമ്പാദ്യം ഇങ്ങനെ:

18–ാം ഓവർ – 19 റൺസ് (6 6 1 1 4 1), 19–ാം ഓവർ – 21 റൺസ് (4 6 4 0 6 1), 

20–ാം ഓവർ (നാലു പന്ത്) – 14 റൺസ് (Wide 1 6 0 6)

നേരത്തെ, ഓപ്പണർ ക്രിസ് ലിൻ കാര്യമായ സംഭാവന കൂടാതെ (11 പന്തിൽ ഏഴ്) കൂടാരം കയറുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്ത നിതീഷ് റാണ – റോബിൻ ഉത്തപ്പ സഖ്യമാണ് കൊൽക്കത്ത ഇന്നിങ്സിന് അടിത്തറയിട്ടത്. 58 പന്ത് ക്രീസിലനിന്ന ഇവരുടെ സഖ്യം 80 റൺസാണ് കൊൽക്കത്ത ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്. ഉത്തപ്പ 27 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 35 റൺസെടുത്തു. കൊൽക്കത്ത നിരയിൽ നിരാശപ്പെടുത്തിയത് ക്യാപ്റ്റൻ ദിനേഷ് കാർത്തിക് മാത്രം. നാലു പന്തു നേരിട്ട കാർത്തിക് രണ്ടു റൺസെടുത്ത് പുറത്തായി. ഇതിനുശേഷമായിരുന്നു റസൽ – ഗിൽ സഖ്യത്തിന്റ ബാറ്റിങ് വെടിക്കെട്ട്.

നേരത്തെ, വിവാദങ്ങൾക്കും വിലക്കിനും തന്റെ ബാറ്റിനെ നിശബ്ദമാക്കാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ഓസീസ് താരം ഡേവിഡ് വാർണറിന്റെ മികവിലാണ് സൺറൈസേഴ്സ് 181 റൺസെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ്, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന വിലക്കിലായിരുന്ന ഡേവിഡ് വാർണറിന്റെ തകർപ്പൻ പ്രകടനമായിരുന്നു സൺറൈസേഴ്സ് ഇന്നിങ്സിന്റെ ഹൈലൈറ്റ്. ഐപിഎല്ലിലെ 40–ാം അർധസെഞ്ചുറി കുറിച്ച വാർണർ, 53 പന്തിൽ ഒൻപതു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 85 റൺസെടുത്താണ് പുറത്തായത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.