കനത്ത ചൂടിൽ മൂന്നുമരണം; ഈ മാസം 118 പേര്‍ക്ക് സൂര്യാതപമേറ്റു; ജാഗ്രത

sun-stroke-death-2
SHARE

കൊടുംചൂടില്‍ വലഞ്ഞ് സംസ്ഥാനം. ഇന്ന് മൂന്നിടങ്ങളിലായി മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാതപം കാരണമെന്ന് സംശയം. മൂന്നുവയസുകാരിക്കുള്‍പ്പെടെ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. ഈ മാസം 118പേര്‍ക്ക് സൂര്യാതപമേറ്റെന്ന് ആരോഗ്യവകുപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് താപനില ഗണ്യമായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം

കേരളത്തിന്റെ പലപ്രദേശത്തും  സൂര്യ താപവും സൂര്യാഘാതവും മൂലം  ആളുകൾക്ക് പൊള്ളലേൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ദുരന്ത നിവാരണ അതോറിറ്റി സൂര്യാതപ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് 4ഡിഗ്രി സെഷ്യല്‍സ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇന്ന് നെയ്യാറ്റിന്‍കരയില്‍ കൃഷിപണിക്കിടെ കാരോട് സ്വദേശി നാരായണനും പയ്യന്നൂര്‍ വെള്ളോറയില്‍ നാരായണനുമാണ് വെയിലറ്റ് കുഴഞ്ഞ് വീണു മരിച്ചത്. ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. 

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍ എസ് പി നേതാവിന് സൂര്യാതപമേറ്റു.  പെള്ളലേറ്റ പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനേ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് മൂന്നുവയസുകാരിക്ക് സൂര്യാതപമേറ്റു.  കുമ്പള സ്വദേശി അബ്ദുള്‍ ബഷീറിന്റെ മകള്‍ മര്‍വയ്ക്കാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൈയില്‍ പൊള്ളലേറ്റത് . കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് താപനില നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യത. തിരുവനന്തപുരം ഉള്‍പ്പടെ പത്തുജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം. 

സൂര്യാതപത്തില്‍ നിന്ന് രക്ഷനേടാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. തൊഴിലാളികള്‍ ഉള്‍പ്പടെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. 

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ മൂന്ന്  മണിവരെയുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കി ശുദ്ധജലം കുടിക്കണം.  വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്നവര്‍ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.