കൊച്ചു മക്കൾക്ക് സീറ്റ് കൊടുത്തു; സുരക്ഷിത സീറ്റിനായി നെട്ടോട്ടമോടി ദേവഗൗഡ

hd-deve-gowda-2
SHARE

കര്‍ണാടകയില്‍ മത്സരത്തിന് സുരക്ഷിതമണ്ഡലംതേടി ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് .ഡി ദേവഗൗഡ. ജെ.ഡി.എസ് ശക്തി കേന്ദ്രങ്ങളായ മണ്ഡ്യയിലും, ഹാസനിലും കൊച്ചുമക്കളെ സ്ഥാനാര്‍ഥികളാക്കിയത് കോണ്‍ഗ്രസ് പിന്തുണയില്‍ മൈസൂരു കിട്ടുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മണ്ഡലം കോണ്‍ഗ്രസ് വിട്ടുനല്‍കാത്തതോടെ അങ്കലാപ്പിലായിരിക്കുകയാണ് ദേവഗൗഡ. 

മുത്തച്ഛന്‍റെ വാത്സല്യത്തോടെയാണ് ദേവഗൗഡ ചെറുമക്കളെ മത്സരത്തിനിറക്കിയതും സുരക്ഷിതമണ്ഡലങ്ങള്‍ അവര്‍ക്കായി മാറ്റിവച്ചതും. കോണ്‍ഗ്രസ് പിന്തുണയില്‍ മൈസൂരുവില്‍ വിജയം നേടാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ മൈസൂരു മണ്ഡലം ദളിന് വിട്ടുനല്‍കില്ലന്ന സിദ്ധരാമയ്യയുടെ പിടിവാശിയിലാണ് ദേവഗൗഡയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായത്. 

ബെംഗളൂരു നോര്‍ത്ത്, തുമക്കൂരു മണ്ഡലങ്ങളാണ് ഇപ്പോള്‍ മത്സരത്തിനായി പരിഗണിക്കുന്നത് എന്നാല്‍ രണ്ടിടത്തും കോണ്‍ഗ്രസ് പിന്തുണയില്ലെങ്കില്‍ വിജയിക്കാനാവില്ല. ഇതിനിടയില്‍ ഹാസന്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ചെറുമകന്‍ പ്രജ്വല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാസനില്‍ത്തന്നെ മത്സരിക്കണമെന്ന് എച്ച് ഡി രേവണ്ണയും ദേവഗൗഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേവഗൗഡ ആറ് തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് ഹാസന്‍. പ്രജ്വലിനെ ലോക്സഭയിലെത്തിക്കാന്‍ കണക്കുകൂട്ടിയ ദേവഗൗഡ മണ്ഡലം വിട്ടുനല്‍കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തുമക്കൂരുവില്‍ മത്സരത്തിനിറങ്ങിയേക്കുമെന്നാണ് സൂചനകള്‍.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.