പാപക്കറ മാഞ്ഞിട്ടില്ലെന്ന് ബിസിസിഐ; ശ്രീശാന്തിന്റെ ഹർജിയിൽ വിധി ഇന്ന്

Sreesanth1-2
SHARE

ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക് തുടരുന്ന ബി.സി.സി.ഐ നടപടി അനീതിയും ക്രൂരവുമാണെന്നാണ് ശ്രീശാന്തിന്റെ വാദം. ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നാണ് ബി.സി.സി.സി നിലപാട്.

ആറു വർഷത്തെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് ശ്രീശാന്തിന്റെ അഭ്യർഥന. 2013ലെ വാതുവയ്പ്പ് കേസിൽ ഇപ്പോഴും തുടരുന്ന ബി.സി.സി.ഐ വിലക്കിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്യുന്നത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവസരമുണ്ടായിട്ടും പോകാൻ കഴിയുന്നില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ശ്രീശാന്ത് പരാതിപ്പെട്ടു. രാജസ്ഥാൻ റോയൽസ് രണ്ടു വർഷത്തെ വിലക്ക് മാത്രമാണ് ഏർപ്പെടുത്തിയത്. വാതുവയ്പ്പ് നടത്തിയെന്ന ആരോപണം കള്ളമാണെന്ന് വിചാരണകോടതിക്ക് വരെ ബോധ്യപ്പെട്ടു. കുറ്റം സമ്മതിക്കാൻ ഡൽഹി പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.സി നിലപാട്. പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിൽ ശ്രീശാന്തിന്റെ വിശദീകരം തൃപ്തികരമല്ലെന്നും ബി.സി.സി.ഐ വാദിച്ചു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ബിസിസിഐ വിലക്ക് ശരിവച്ചിരുന്നു. തുടർന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലില്‍ ചെന്നൈയുടേയും രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല.

മേയ് ഒൻപതിനു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു ശ്രീശാന്തിന്റെ വാഗ്ദാനം. തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു. തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. മെയ് 23–ല്‍  ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം  ആരംഭിച്ചു. 

മേയ് 28: ശ്രീശാന്തിനേയും മറ്റുള്ളവരേയും തിഹാര്‍ ജയിലിലടച്ചു.  

സെപ്തംബര്‍ 13: ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു. 

2015 ഏപ്രില്‍ 20: ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചു.

2015 ജൂലൈ 14ന് സുപ്രീംകോടതി നിയോഗിച്ച ആര്‍.എം.ലോഥ സമിതി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. 

2017 മാര്‍ച്ച് 1ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയില്‍. 

2017 ഓഗസ്റ്റ് 7: ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

2017 സെപ്തംബര്‍ 18: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കി

2017 ഒക്ടോബര്‍ 18: സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

2018: ജനുവരി: ശ്രീശാന്ത് സുപ്രീം കോടതിയില്‍. ഫെബ്രുവരിയില്‍ ബിസിസിഐക്ക് നോട്ടീസ് അയച്ചു. ഈ കേസില്‍ ഇന്ന് കോടതി വിധി പറയും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.