ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ വീണ്ടും തീപിടിത്തം; നഗരസഭയ്ക്കെതിരെ കലക്ടർ; കേസ്

brahmapuram-fire-2
SHARE

കൊച്ചി നഗരത്തില്‍ ആശങ്കയുയര്‍ത്തി ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ വീണ്ടും തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഒന്നര ഏക്കറോളം സ്ഥലത്താണ്  തീപിടിത്തമുണ്ടായത്. തീ പൂര്‍ണമായും നിയന്ത്രണവിധേയമായി. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.  

പ്രളയമാലിന്യവും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടിരുന്ന ഭാഗത്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി. കാറ്റുശക്തമായതോടെ സമീപത്തെ തെങ്ങുകളിലേയ്ക്കും മറ്റ് മരങ്ങളിലേയ്ക്കും തീപടര്‍ന്നു. തുടര്‍ന്ന് സംരക്ഷണ ഭിത്തികള്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. നാലുമണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമായി. ശക്തമായ സുരക്ഷ ഒരുക്കിയിട്ടും തീ പിടിത്തം ഉണ്ടായതിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച കൊച്ചി മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. 

അതേസമയം തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടിത്തം ഗൗരവുമുള്ളതാണെന്ന് ജില്ലാ കലക്ടര്‍  മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. സുരക്ഷാ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചിന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. 

തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നതില്‍ പ്രതിഷേധിച്ച് പ്ലാന്റിനെതിരെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്ത് പ്രതിനിധികള്‍. രണ്ടാഴ്ച മുന്‍പ് ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തെടുര്‍ന്ന് ദിവസങ്ങളോളം നഗരവും ചുറ്റുവട്ടവും  കടുത്ത പുക മൂടിയ അവസ്ഥയിലായിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.