വയനാട്ടിലേക്ക് കെസിയുടെ പേര് ‘പൊങ്ങി’; സാധ്യതക്കാരെ ‘കാണാതായി’: ആര് ചുരം കയറും?

Still-Venugopal-1
SHARE

കെ.സി. വേണുഗോപാലിന്‍റെ പേര് വയനാട്ടിലേയ്ക്ക് ഉയര്‍ന്നുവന്നതോടെ സാധ്യതാ പട്ടികയിലുള്ളവര്‍ അപ്രസക്തരായെങ്കിലും സീറ്റ് കിട്ടാനുള്ള ചരടുവലികള്‍ നേതാക്കള്‍ അവസാനിപ്പിച്ചിട്ടില്ല. പ്രാദേശിക, സാമുദായിക, രാഷ്ട്രീയ വാദങ്ങള്‍ നിരത്തി യുഡിഎഫിന്‍റെ ഉറച്ച കോട്ട കിട്ടാനായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് നേതാക്കള്‍. 

യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയയായ വയനാട് പിടിച്ചടക്കാന്‍ അര ഡസനിലധികം നേതാക്കളായിരുന്നു ആദ്യ ഘട്ടത്തില്‍ ചുരം കയറിയത്. എന്നാല്‍ കെ.സി. വേണുഗോപാലിന്‍റെ പേര് പറഞ്ഞു കേട്ടതോടെ സാധ്യതാ പട്ടികയിലുള്ളവരെല്ലാം പിന്‍വാങ്ങിയ മട്ടാണ്.  കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി കൂടിയായ കെ.സി. വേണുഗോപാല്‍ അടുത്ത് കിടക്കുന്ന വയനാടിനും അനുയോജ്യനാണെന്നാണ് വിലയിരുത്തല്‍. 

ഭരണമാറ്റം സംഭവിച്ചാല്‍ കെ.സി. വേണുഗോപാലിന് കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാണ്. അങ്ങനെയെങ്കില്‍ പിന്നോക്ക മണ്ഡലമായ വയനാടിനെ കെ.സിയിലൂടെ മുന്‍പന്തിയിലെത്തിക്കാനാകുമെന്നും പാര്‍ട്ടിയിലെ ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ പ്രാദേശിക, സാമുദായിക, രാഷ്ട്രീയ വാദമുയര്‍ത്തിയാണ് മുന്‍ വനിതാകമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി സീറ്റിനായി ആവശ്യം ഉന്നയിക്കുന്നത്. റോസക്കുട്ടിക്കായി സ്ക്രീനിങ് കമ്മറ്റിക്ക് മുന്നിലും ശുപാര്‍ശകള്‍ എത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ കെ.സി. അല്ലെങ്കില്‍  റോസക്കുട്ടിക്ക് തന്നെയാണ് സാധ്യത. 

അങ്ങനെയെങ്കില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കാനും ആകും. എന്നാല്‍‍ ഐ ഗ്രൂപ്പുകാരുടെ തട്ടകമായ വയനാട്ടില്‍ മുസ്്ലിം ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. അതിനാലാണ് മുസ്്ലിം സ്ഥാനാര്‍ഥിയെ തന്നെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. കെ.പി.സി.സി. സെക്രട്ടറി കൂടിയായ അബ്ദുല്‍ മജീദിന്‍റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.