ലൈംഗികപീഡനം: മൂന്നു കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്

solar-case
SHARE

സോളര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്നുപേരെയും വിവിധ ലോക്സഭാ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 

കൊച്ചിയിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, വണ്ടൂര്‍ എംഎല്‍എ എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. സോളര്‍ വ്യവസായത്തിന് ആവശ്യമായ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് എംഎല്‍എമാര്‍ക്കെതിരായ ആരോപണം. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാമെന്ന് സോളര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കേസെടുക്കാമെന്ന് അഡ്വക്കറ്റ് ജനറലും നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേസ് റജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഹൈബി ഈഡനെ എറണാകുളത്തും അടൂര്‍ പ്രകാശിനെ ആറ്റിങ്ങലിലോ ആലപ്പുഴയിലെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എ.പി.അനില്‍കുമാറിനെ ആലത്തൂരില്‍ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും കോണ്‍ഗ്രസ് ആലോചിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.