റഫാൽ രേഖകള്‍ കോടതി പരിഗണിക്കണോ എന്ന വിഷയത്തില്‍ വിധിപറയാന്‍ മാറ്റി

Rafale - Supreme Court
SHARE

റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ സുപ്രീംകോടതി വിധി പറയാനായി മാറ്റി. പ്രതിരോധരേഖകള്‍ക്ക് ഔദ്യോഗികരഹസ്യനിയമത്തിന്‍റെ പരിരക്ഷയുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ വാദം. അഴിമതി, മനുഷ്യാവകാശലംഘനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ പോലും കൈമാറാന്‍ വിവരാവകാശനിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പ്രതികരിച്ചു.

ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹാജരാക്കിയ റഫാല്‍ രേഖകളുടെ പകര്‍‌പ്പ് കോടതി പരിഗണിക്കരുതെന്നും പുനഃപരിശോധനാ ഹർജികളിൽ നിന്ന് രേഖകൾ നീക്കം ചെയ്യണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ശക്തമായി വാദിച്ചു. ഔദ്യോഗികരഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വാദമുഖങ്ങള്‍. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ അതിന്റെ സൂക്ഷിപ്പുക്കാരനായ ഓഫിസറുടെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല. വിവരാകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്നും പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ടെന്നും എ.ജി വാദിച്ചു. പാർലമെന്റ് വിവരാവകാശനിയമം കൊണ്ടുവന്നത് വിപ്ലവനടപടിയായിരുന്നുവെന്നും അതില്‍ നിന്ന് പിന്നാക്കം പോകാനാകില്ലെന്നുമായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ പ്രതികരണം. 

ഔദ്യോഗികരഹസ്യനിയമത്തിലെ പല വ്യവസ്ഥകളും വിവരാവകാശനിയമം മറികടന്നുവെന്നും ജോസഫ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വാദങ്ങൾ ദുരുദ്യേശത്തോടെയാണെന്ന് വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ, പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകൾ കോടതിക്ക് എങ്ങനെ അവഗണിക്കാൻ കഴിയുമെന്ന് ചോദിച്ചു. രേഖകള്‍ സംബന്ധിച്ച വാദമുഖങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.