മാണിയുമായി യോജിച്ചു പോകാനാകില്ല, തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു: പി.ജെ ജോസഫ്

mani-joseph13-3
SHARE

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ ഭിന്നത പരിഹരിക്കാന്‍ പി.ജെ.ജോസഫ് ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി. യുഡിഎഫ് നേതൃത്വം കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അൽപനേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം പി.ജെ.ജോസഫ് പ്രതികരിച്ചു. കെ.എം.മാണി പക്ഷവുമായി യോജിച്ചുപോകാന്‍ പ്രയാസമെന്ന് ജോസഫ് ഉമ്മൻചാണ്ടിയെ അറിയിച്ചു. ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായും ജോസഫ് പറഞ്ഞു. പ്രശ്നത്തിന് ഉചിതമായ രീതിയില്‍ പരിഹാരമുണ്ടാക്കാമെന്ന് ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. തുടർന്ന് പി.ജെ.ജോസഫ് കന്റോണ്‍മെന്റ് ഹൗസില്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച. രാവിലെ കന്റോണ്‍മെന്റ്  ഹൗസിലാണ് യോഗം. തിരഞ്ഞെടുപ്പിന് മുമ്പ്  പിളര്‍പ്പ് പാടില്ലെന്നും യോജിച്ച് പോകണമെന്നും നേതാക്കള്‍ ജോസഫിനോട് ആവശ്യപ്പെടും. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നാണ് ജോസഫിന്റ പ്രതികരണം. 

കേരള കോണ്‍ഗ്രസ് തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കെ.എം മാണിയും പി.ജെ ജോസഫും തമ്മിലുള്ള ഭിന്നത രൂക്ഷമായ സ്ഥിതിക്ക് ഇനി  പാര്‍ട്ടിക്കുള്ളില്‍ സമവായം എളുപ്പമല്ല. ഇത് മനസിലാക്കിയാണ്  ജോസഫുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നത്. കോണ്‍ഗ്രസിന്റ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചശേഷം തുടര്‍നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസഫും പറഞ്ഞിരുന്നു. 

കോട്ടയത്ത് മാണിവിഭാഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് കോണ്‍ഗ്രസ് അതില്‍ ഇടപെടില്ല. പക്ഷെ അതിന്റ പേരില്‍ പിളര്‍പ്പുണ്ടാകുന്നത് തടയും. കടുത്ത തീരുമാനം എടുക്കരുതെന്ന് ജോസഫിനോട് അഭ്യര്‍ഥിക്കും. തിരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താമെന്ന് കോണ്‍ഗ്രസ് അറിയിക്കും. അതില്‍ ‌ ജോസഫ് വഴങ്ങുമോയെന്നതാണ് നിര്‍ണായകം. ശുഭപ്രതീക്ഷയുണ്ടെന്നായിരുന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടും മുമ്പ് ജോസഫിന്റ പ്രതികരണം. ജോസഫിന്റ തുടര്‍നിലപാട് അറിഞ്ഞശേഷം കോണ്‍ഗ്രസ് നേതാക്കള്‍ കെ.എം മാണിയുമായും ജോസ് കെ.മാണിയുമായും  സംസാരിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.