ഇരട്ടക്കൊല നിഷ്ഠൂരം, പ്രതികളെ നിയമത്തിന്‍റെ മുന്നിലെത്തിക്കണം: വിഎസ്

vs20-2
SHARE

പെരിയ ഇരട്ടക്കൊല നിഷ്ഠൂരമെന്ന് മുതിർന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദൻ. പാര്‍ട്ടി അംഗങ്ങളിലെ അത്തരം ചിന്തകള്‍ ഗുരുതരവ്യതിയാനമാണ്. പ്രതികളില്‍ ആരായാലും നിയമത്തിന്‍റെ മുന്നിലെത്തിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. 

പാർട്ടിയെ തള്ളി പീതാംബരന്റെ കുടുംബം

പെരിയ ഇരട്ടക്കൊലക്കൊലപാതകത്തിൽ സിപിഎമ്മിനെ തള്ളി എ. പീതാംബരന്റെ കുടുംബം. പീതാംബരന്‍ സ്വന്തം നിലയ്ക്ക് കൊല നടത്താന്‍ സാധ്യതയില്ല. കൊല ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അറിവോടെയായിരിക്കും. പീതാംബരൻ കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും മനോരമ ന്യൂസിനോട് പറഞ്ഞു. 

എന്നാൽ ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂർണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യൻ മനോരമ ന്യൂസിനോട് പറഞ്ഞു. പാർട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളം. പ്രതി പീതാംബരൻ തന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്‌നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎൽഎയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നൽകിയത് എന്നും സത്യൻ ആരോപിച്ചു. പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനിട്ടുകൾക്ക് മുൻപായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം.

പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാവായ എ. പീതാംബരനടക്കം ആറു പേർ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, ഇരട്ടക്കൊലയ്ക്കു പിന്നിൽ ക്വട്ടേഷന്‍ സംഘമല്ലെന്നാണ് മൊഴി.  കൊല നടത്തിയത് എ. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുംചേര്‍ന്നെന്നും മൊഴിയുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ്  വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരും

ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കസ്റ്റഡിയിലുള്ള ആറുപേരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതും അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു. അതേസമയം കേസില്‍ അറസ്റ്റിലായ എ.പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കസ്റ്റഡിയിലുള്ള പത്തൊന്‍പതുകാരനടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇവര്‍ക്കപ്പുറം സംഭവത്തില്‍ കൂടുതല്‍പേരുടെ പങ്കാളിത്തം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന സൂചന നല്‍കുമ്പോഴും ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല. 

കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം നടത്തിയെന്നാണ് പിടിയിലായവരുടെ മൊഴി. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ക്വട്ടേഷന്‍ സംഘം എന്ന നിഗമനം ഉപേക്ഷിക്കാന്‍ അന്വഷണസംഘം നിര്‍ബന്ധിതമാകുന്നു എന്നാണ് സൂചന. ഇന്ന് കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന പീതാബരനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതും ഈ കുരുക്കുകള്‍ അഴിക്കാന്‍ തന്നെ. സംഭവദിവസം കല്ലിയോട് എത്തിയ കണ്ണൂര്‍ റജീസ്ട്രേഷനുള്ള വാഹനങ്ങള്‍ സംബന്ധിച്ചും പൊലീസിന് കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.