കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. റോബിൻ വടക്കുംചേരിയ്ക്കു 20 വര്‍ഷം കഠിനതടവ്

robin-imprisonment
SHARE

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിയ്ക്കു 20 വര്‍ഷം കഠിനതടവ്. മൂന്നു ലക്ഷം രൂപ പിഴയടക്കണം. 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം. വിവിധ വകുപ്പുകളിലായി ശിക്ഷ 60 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കള്ളസാക്ഷി പറഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ ഏൽപ്പിച്ചു. കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. മറ്റ് ആറ് പ്രതികളെ വെറുതെവിട്ടു. തലശേരി പോക്സോ കോടതിയുടെതാണ് വിധി. 

ഒരു വൈദികനെയും നാല് സിസ്റ്റര്‍മാരെയും വെറുതെവിട്ടു. പള്ളി ജീവനക്കാരി  തങ്കമ്മ നെല്ലിയാനി, വയനാട്  ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം, 

സിസ്റ്റർമാരായ ലിസ്മരിയ, അനിറ്റ, ഒഫിലിയ, ബെറ്റി എന്നിവരെയാണ് വെറുതെ വിട്ടത്. ഇവർക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 

പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരായിരുന്നു പ്രതികൾ. 

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന്  നല്‍കിയ ശിക്ഷ  മാതൃകാപരമെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മാനന്തവാടി രൂപത പ്രതികരിച്ചു. ഗൂഢാലോചന ആരോപിച്ച് നിരപരാധികളെയാണ് പ്രതിചേര്‍ത്തത്. അവരെ വെറുതെ വിട്ടത് സന്തോഷകരമെന്നും  മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ. ജോസ് കൊച്ചറക്കല്‍ പറഞ്ഞു . പ്രതീക്ഷിച്ച വിധിയാണിതെന്നും  വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്നും ഫാ.തോമസ് ജോസഫ് തേരകം. സത്യം ഒരു നാള്‍ പുറത്തുവരുമെന്നും ഫാ. തോമസ് പ്രതികരിച്ചു. 

പ്രധാനസാക്ഷികളടക്കം കൂറുമാറിയ കേസില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാനായത്  നിര്‍ണായകമായെന്ന് പ്രോസിക്യൂഷൻ പറഞ്ഞു‍.  ഇരയായ പെണ്‍കുട്ടി ജനിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ   ആശുപത്രിയിലെ ജനന രേഖകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. മുനിസിപ്പാലിറ്റിയിലെ രേഖയ്ക്കൊപ്പം പെണ്‍കുട്ടിയുടെ ജനനം രേഖപ്പെടുത്തിയ ഡോക്ടറുടെ മൊഴിയാണ് നിര്‍ണായകമായതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു 

കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ്‌ സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം.  ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു.  തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും  വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.  

2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു.  പിന്നാലെ അറസ്റ്റും.  ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ അറസ്റ്റിലായി.  എന്നാൽ  ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി.  

ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ  സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ  സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം,  വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്,  വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരായിരുന്നു മറ്റു പ്രതികൾ.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.  

വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി.  പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു.  ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.