കെവിന്‍ വധക്കേസ്: എസ്ഐയെ ഡിസ്മിസ് ചെയ്യും, എഎസ്ഐയെ പിരിച്ചു വിട്ടു

si-dismiss-kevin
SHARE

കെവിന്‍ വധക്കേസ് അന്വേഷണത്തിലെ കൃത്യവിലോപം കണ്ടെത്തിയതിനെത്തുടർന്ന് ഗാന്ധിനഗര്‍ മുന്‍ എസ്ഐ: എം.എസ്.ഷിബുവിനെ ഡിസ്മിസ് ചെയ്യാൻ തീരുമാനിച്ചു. ഐജി: വിജയ് സാഖറെ നടപടി തുടങ്ങി. ഷിബുവിനു മറുപടി നല്‍കാന്‍ 15 ദിവസം നൽകി. 

സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് കെവിന്‍ വധക്കേസ്. അന്വേഷണത്തിലുള്‍പ്പെടെ ഗാന്ധിനഗര്‍ പൊലീസ് വരുത്തിയ ഗുരുതരവീഴ്ചകള്‍ പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്. ഇതോടെ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്‍റെ തുടര്‍ച്ചയാണ് ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം.എസ്. ഷിബുവിനെയും എഎസ്ഐ ടി.എം. ബിജുവിനെയും പിരിച്ചുവിടാനുള്ള തീരുമാനം. ‌കെവിന്‍റെ മരണത്തിന് കാരണമായത് അന്വേഷണത്തില്‍ എസ്ഐ ഷിബു വരുത്തിയ ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. 

പുലര്‍ച്ചെ വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയ്യാറായില്ല. കെവിന്‍റെ ഭാര്യ നീനുവും പിതാവും സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും അവഗണിച്ചു.  അക്രമിസംഘം വിട്ടയച്ച അനീഷിന്‍റെ മൊഴിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം വൈകിപ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷചുമതലയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു നീതിനിഷേധം. 

കേസിലെ മുഖ്യപ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് എഎസ്ഐ ടി.എം. ബിജു, സിപിഒ എം.എന്‍. അജയകുമാര്‍ എന്നിവര്‍ക്കെതിരായ നടപടിക്ക് കാരണം. എം.എസ്. ഷിബുവില്‍ നിന്ന് വിശദീകരണം തേടിയ ശേഷം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കും. കേസുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ പതിനഞ്ചോളം പൊലീസുകാരാണ് അച്ചടക്ക നടപടി നേരിട്ടത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.