റഫാൽ; നിർണായക ഇ-മെയിൽ പുറത്തുവിട്ട് രാഹുൽ; മോദിക്ക് കുരുക്ക്

rahul-rafale-new
SHARE

റഫാല്‍ ഇടപാടില്‍ പുതിയ തെളിവു പുറത്തുവിട്ട് പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കരാര്‍ ഒപ്പിടാന്‍ പോകുന്നതിനെക്കുറിച്ച് അനില്‍ അംബാനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി നരേന്ദ്ര മോദി അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. ഫ്രഞ്ച് പ്രതിരോധമന്ത്രിയുമായി അനില്‍ അംബാനി നേരിട്ട് ചര്‍ച്ച നടത്തിയെന്നും രാഹുല്‍ പറഞ്ഞു. സിഎജിക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. അതിനിടെ, ജെപിസി അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിരസിച്ചു.

അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുമായി രഹസ്യ ചര്‍ച്ച നടത്തുന്ന വിവരം വെളിപ്പെടുത്തുന്ന എയര്‍ബസ് ഉന്നത ഉദ്യോഗസ്ഥന്‍റെ ഇ മെയില്‍ സന്ദേശം പുറത്തുവിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ആക്രമണം. കരാര്‍ പ്രഖ്യാപിക്കുന്നതിന് പത്തുദിവസം മുന്‍പ് ഇക്കാര്യം അനില്‍ അംബാനിക്ക് അറിയാമായിരുന്നു. പ്രതിരോധമന്ത്രിയ്ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അപ്പോഴും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അനുബന്ധകരാര്‍ തനിക്ക് തന്നെയാണ് ലഭിക്കാന്‍ പോകുന്നതെന്ന് അനില്‍ അംബാനിക്ക് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയാണ് ഈ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഒൗദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് പ്രധാനമന്ത്രിക്കെതിരെ ക്രിമിനല്‍ അന്വേഷണം വേണം.

സിഎജി റിപ്പോര്‍ട്ട് ചൗക്കിദാര്‍ ഒാഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടാണെന്ന് രാഹുലിന്‍റെ വിമര്‍ശനം. മോദിക്ക് വേണ്ടി മോദി തന്നെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടാണിത്. റഫാല്‍ ചര്‍ച്ചകളുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥന് എങ്ങിനെ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്ന് രാഹുല്‍ ചോദിക്കുന്നു.

വിലയുടെ വിശദാംശങ്ങളും അനുബന്ധ കരാറിന്‍റെ വിലയിരുത്തലും സിഎജി റിപ്പോര്‍ട്ടിലുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. അനുബന്ധ കരാര്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കിയതാണ് വിവാദങ്ങളുടെ പ്രധാന കാരണം. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ പ്രതിഷേധിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.