സ്ഥാനാർഥി ചർച്ചച്ചൂടിൽ സിപിഐ; മണ്ഡലം വിട്ടുകൊടുക്കില്ല: പട്ടിക തയാറാക്കുന്നു

cpi-kanam-2
SHARE

നിലവില്‍ മല്‍സരിക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ ജില്ലാ കൗണ്‍സിലുകള്‍ക്ക് സി.പി.ഐ സംസ്ഥാന കൗണ്‍സിലിന്റെ നിര്‍ദേശം. നാലു മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന എട്ടു ജില്ലകളോട് മേഖലാ ജാഥകളുടെ സമാപനത്തിനു മുന്‍പ് പട്ടിക തയാറാക്കി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സീറ്റുവെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുണ്ടെങ്കിലും, നിലവിലെ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പുപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.

തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലെ സാധ്യതാപ്പട്ടിക അതതു ജില്ലാ കൗണ്‍സിലുകളായിരിക്കും തയാറാക്കുക. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലാ കൗണ്‍സിലുകള്‍ മാവേലിക്കര മണ്ഡലത്തിലേക്കുള്ള പട്ടികകള്‍ സമര്‍പ്പിക്കും. വയനാട് മണ്ഡലത്തിലെ പട്ടിക തയാറാക്കുന്നത് കോഴിക്കോട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാ കൗണ്‍സിലുകളാണ്. അടുത്തമാസം മൂന്നിനും നാലിനും ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതിയും കൗണ്‍സിലും എട്ടുജില്ലകളില്‍ നിന്നുമുള്ള പട്ടികകള്‍ പരിശോധിക്കും. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങളോടെ ഓരോ മണ്ഡലത്തിലേക്കും മൂന്നുപേരുടെ സാധ്യതാപ്പട്ടിക തയാറാക്കി, കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കും.

അഞ്ച് മുതല്‍ ഏഴു വരെ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സെക്രട്ടേറിയറ്റും, നിര്‍വാഹകസമിതിയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, തിരുവനന്തപുരം ഉള്‍പ്പെടെ ചില സീറ്റുകള്‍ വെച്ചുമാറണമെന്ന ആവശ്യം ഇടതുമുന്നണി ഘടകകക്ഷികളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ജനതാദള്‍ എസ് തിരുവനന്തപുരത്തു മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സംസ്ഥാന കൗണ്‍സിലിന്റെ നിര്‍ദേശം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.