പൊലീസ് കമ്മീഷണറേറ്റിനെച്ചൊല്ലി തർക്കം; ഐ.എ.എസ്-ഐ.പി.എസ് പോര്

pinarayi-and-behra
SHARE

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം പ്രതിസന്ധിയില്‍. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ട് നിയമസെക്രട്ടറി തിരിച്ചയച്ചു. ഇതോടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പൊലീസ് തലപ്പത്തെ അഴിച്ചുപണിയും പ്രതിസന്ധിയിലാവുകയും ഐ.എ.എസ്, ഐ.പി.എസ് പോര് മൂര്‍ച്ഛിക്കുകയും ചെയ്തു.

രാജ്യത്തെ പ്രധാന 48 നഗരങ്ങളിലേത് പോലെ തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ് രൂപീകരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഘടനയില്‍ മാറ്റം വരുത്താനും തീരുമാനിച്ചിരുന്നു. സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന വിലയിരുത്തലില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി അംഗീകാരവും നല്‍കി. ഇതിന്റെ അടിസ്ഥാത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നല്‍കിയ റിപ്പോര്‍ട്ടാണ് പലവിധ സംശയങ്ങളുന്നയിച്ച് നിയമസെക്രട്ടറി മടക്കിയത്.  2011ലെ സെന്‍സസ് പ്രകാരം കമ്മീഷ്ണറേറ്റ് രൂപീകരിക്കാനാവശ്യമായ പത്ത് ലക്ഷത്തിലധികം ജനസംഖ്യ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലില്ലെന്നാണ് നിയമസെക്രട്ടറിയുടെ എതിര്‍പ്പിന്റെ പ്രധാനകാരണം. 

ഇതോടെ തുടര്‍നടപടികള്‍ക്കായി ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടി. കമ്മീഷ്ണറേറ്റ് രൂപീകരിച്ചാല്‍ കലക്ടറുടെ മജിസ്റ്റീരിയില്‍ അധികാരം പൊലീസിന്  ലഭിക്കും. ഇതിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പാണ് റിപ്പോര്‍ട്ട് മടക്കാന്‍ കാരണമെന്നാണ് ഐ.പി.എസുകാരുടെ ആക്ഷേപം. 2013ലെ മന്ത്രിസഭ തന്നെ  ജനസംഖ്യയുണ്ടെന്ന് കണ്ട് കമ്മീഷ്ണറേറ്റിന് അംഗീകാരം നല്‍കിയെന്നും ഇതിലും ചെറിയ നഗരങ്ങളായ തിരുനെല്‍വേലിയിലും തിരുച്ചിറപ്പള്ളിയിലും വരെ കമ്മീഷണറേറ്റുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കമ്മീഷ്ണറേറ്റിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഘടനയില്‍ മാറ്റം വരുത്തിയുള്ള അഴിച്ചുപണി തിരഞ്ഞെടുപ്പിന് മുന്‍പ് നടത്താനായിരുന്നു തീരുമാനം. സ്ഥലംമാറ്റത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമയത്തിന് മുന്‍പ് അത് നടക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.