അഖിലേഷിനെ വിമാനത്താവളത്തിൽ തടഞ്ഞ് യുപി പൊലീസ്; വിവാദം

akhilesh-yadav-1
SHARE

തിരഞ്ഞെടുപ്പ് പ്രചാരണവും പ്രതിരോധവും ഇത്തവണ കൂടുതല്‍ ആക്രമണോത്സുകമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ മമതാ ബാനര്‍ജി സംസ്ഥാനത്തിന് പുറത്തുനിന്നുളള ബി ജെ പി നേതാക്കളെ തടഞ്ഞെങ്കില്‍ യു പി യില്‍ ബി ജെ പി സര്‍ക്കാര്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിനെ തന്നെയാണ് തടഞ്ഞത്. എസ് പി - ബി എസ് പി സഖ്യത്തില്‍ വിറളിപിടിച്ച ബി ജെ പി യുടെ പരാജയഭീതിയാണ് നടപടിക്ക് പിന്നിലെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍റെ ഉദ്ഘാടനച്ചടങ്ങിന് പുറപ്പെട്ട സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ലഖ്നൗ വിമാനത്താവളത്തിലാണ് തടഞ്ഞത്. വിമാനത്താവളത്തിന് പുറത്തുവെച്ചും വിമാനത്തില്‍ കയറുന്നതിന് മുമ്പും യു പി പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് അഖിലേഷിനെ തടയുകയായിരുന്നു. 

എ ബി വി പിയെ പരാജയപ്പെടുത്തി സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയായ സമാജ് വാദി ഛാത്രസഭയാണ് അലഹബാദ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അഖിലേഷ് യാദവിനെയാണ് അധികൃതര്‍ തടഞ്ഞത്. വിദ്യാര്‍ഥി യൂണിയന്‍ പരിപാടി പോലും അസഹിഷ്ണുതയോടെ കാണുന്ന യോഗി ആദിത്യനാഥും ബി ജെ പിയും പരാജയഭീതിയിലാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബി ജെ പി യുടെ ഏകാധിപത്യസ്വഭാവമാണ് സംഭവം വ്യക്തമാക്കുന്നതെന്ന് എസ് പിയുെടെ സഖ്യകക്ഷിയായ മായാവതി പ്രതികരിച്ചു.

സംഭവത്തിന് പിന്നാലെ വിധാന്‍ സഭയിലും വിധാന്‍ പരിഷത്തിലും വലിയ പ്രതിഷേധമുണ്ടായി. എന്നാല്‍ സര്‍വകലാശാല കാമ്പസില്‍ അക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിനെ തടഞ്ഞതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യത്തേറ്റവുധികം ലോക്സഭ മണ്ഡലങ്ങളുളള മണ്ഡലമാണ് ഉത്തര്‍പ്രദേശം. പ്രിയങ്കയുടെ വരവോടെ ത്രികോണമല്‍സരത്തിന്റെ പ്രതീതിയുണര്‍ന്ന ഉത്തര്‍പ്രദേശില്‍ ഈ തിരഞ്ഞെടുപ്പ് കാലം സംഭവബഹുലമായിരിക്കുമെന്നുറപ്പ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.