എംഎല്‍എക്കെതിരെ സബ് കലക്ടര്‍; അവഹേളനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ: രേണുരാജ്

renuraj-new
SHARE

എസ്.രാജേന്ദ്രന്‍ എം.എൽ.എയുടെ പരാമര്‍ശത്തിനെതിരെ ദേവികുളം സബ്കലക്ടര്‍ ഡോ.രേണുരാജ്. എംഎൽഎയുടേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ്. പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും രേണുരാജ് വ്യക്തമാക്കി. 

രേണു രാജ് റിപ്പോര്‍ട്ട് നല്‍കിയത് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എൻഒസി നല്‍കേണ്ടത് റവന്യു വകുപ്പാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നും സബ് കലക്ടര്‍ വിശദീകരിച്ചു. രേണുരാജിന്റെ വിശദീകരണത്തിന് പിന്നാലെ എസ് രാജേന്ദ്രനെ തള്ളി സിപിഎമ്മും എത്തി. എം.എൽ.എയ്ക്ക് ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. എം.എൽ.എയുടെ നടപടി പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ എതിർസ്വരമുയർന്നു. 

മൂന്നാറിലെ അനധികൃതനിര്‍മാണത്തെ പിന്തുണച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ ദേവികുളം സബ് കലക്ടര്‍ അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കി. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍, എംഎല്‍എ സബ് കലക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരാമര്‍ശിച്ചിട്ടില്ല. സബ് കലക്ടര്‍ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

മുതിരപ്പുഴയാറിന്റെ തീരം കയ്യേറി പഞ്ചായത്ത് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് ചട്ടങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ചാണെന്നാണ് ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ട്. പരിസ്ഥിതി ലോലമേഖലയിലാണ് കെട്ടിടനിര്‍മാണം. നടപടി നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പ് സ്റ്റോപ് മെമോ നടപ്പാക്കാതിരുന്ന പഞ്ചായത്ത് അധികൃതരുടെ നടപടി കോടതിയലക്ഷ്യമാണ്. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കോടതിയലക്ഷ്യനടപടി വേണം. ഹൈക്കോടതിക്ക് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടാണ് സബ് കലക്ടര്‍ എജിക്ക് കൈമാറിയത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.