അഴിമതി വിരുദ്ധ ചട്ടങ്ങൾ കേന്ദ്രം ഒഴിവാക്കി; റഫാലില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്

modi-rafale-rahul-1
SHARE

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂടുതല്‍ ഇടപെടലുകളുടെ വിശദാംശങ്ങള്‍ പുറത്ത്. ഫ്രാന്‍സുമായുണ്ടാക്കിയ കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടം കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ഇക്കാര്യം സുപ്രീംകോടതിയില്‍ നിന്ന് മറച്ചുവെയ്ക്കുകയും ചെയ്തു. അതേസമയം, റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍വെച്ചേക്കില്ല.

റഫാല്‍ കരാര്‍ സുതാര്യമാണെന്നും അഴിമതി നടന്നിട്ടില്ലെന്നും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആവര്‍ത്തിക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാരിനെ കുരുക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. അനധികൃതമായ ഇടപെടല്‍, കമ്മിഷന്‍ കൈപ്പറ്റല്‍, ഫ്രാന്‍സും ഇന്ത്യയുമല്ലാതെ മൂന്നാംകക്ഷിയുടെ സ്വാധീനം എന്ന തടയുകയും കുറ്റകരമാക്കുകയും ചെയ്യുന്നതിനുള്ള അഴിമതി വിരുദ്ധ ചട്ടമാണ് റഫാല്‍ കരാറില്‍ നിന്ന് ഒഴിവാക്കിയത്. 

കരാര്‍ തുക കൈമാറുന്നതിന് ഇന്ത്യയ്ക്കു കൂടി നിയന്ത്രണമുള്ള അക്കൗണ്ട് വേണമെന്നതും ഒഴിവാക്കപ്പെട്ടു. ഇത് ഉള്‍പ്പെടെ എട്ട് ഇളവുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ നിര്‍ദേശപ്രകാരം കരാറില്‍ നല്‍കിയത്. ചട്ടം ഒഴിവാക്കിയത് അഴിമതി നടത്താനുള്ള സൗകര്യത്തിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

സിഎജി റിപ്പോര്‍ട്ട് വിലയിരുത്തി ധനമന്ത്രാലയത്തിന്‍റെ കുറിപ്പുകൂടി പരിശോധിച്ച ശേഷമായിരിക്കും രാഷ്ട്രപതി പാര്‍ലമെന്‍റിലേയ്ക്ക് ശുപാര്‍ശ ചെയ്യുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ നാളെയോ, ബജറ്റ് സമ്മേളനം അവസാനിക്കുന്ന ബുധനാഴ്ച്ചയോ ആകും സിഎജി റിപ്പാര്‍ട്ട് പാര്‍ലമെന്‍റിലെത്തുക.

റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് സമയവും കിട്ടില്ല. സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകുമെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. സിഎജി രാജീവ് മെഹ്റിഷി കേന്ദ്ര ധനസെക്രട്ടറിയായിരിക്കെയാണ് റഫാല്‍ കൂടിയാലോചനകള്‍ നടത്ത് എന്നകാര്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.