രാജേന്ദ്രന്റെ പദപ്രയോഗം തെറ്റ്; സ്ത്രീകളോട് ഇങ്ങനെ പെരുമാറരുത്: എം എം. മണി

mm-mani
SHARE

ദേവികുളം സബ് കലക്ടർ ഡോ.രേണു രാജുവിനെതിരെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ കർശന നടപടിയെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. രാജേന്ദ്രന്റെ പരാമർശങ്ങളെ പാർട്ടി പൂർണമായും തള്ളിക്കളയുന്നതായി ജില്ലാ സെക്രട്ടറിയേറ്റിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. എംഎൽഎയുടെ പരാമർശം ശരിയല്ലെന്നും പാർട്ടിയുടെ കാഴ്ചപ്പാടിനു വിരുദ്ധമാണിതെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

എസ്. രാജേന്ദ്രന്‍ വിഷയത്തില്‍  പാര്‍ട്ടി സ്വീകരിച്ച നിലപാട് ഉചിതമെന്ന് മന്ത്രി  എം.എം മണി. സ്ത്രീകളോട് അത്തരത്തില്‍പെരുമാറരുതായിരുന്നു, ഉപയോഗിച്ച പദപ്രയോഗം തെറ്റായി. രാജേന്ദ്രനെതിരായ  നടപടി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും. ഖേദപ്രകടനത്തില്‍ എംഎല്‍എ സ്വീകരിച്ച നിലപാട് തെറ്റായെന്നും എം എം. മണി പറഞ്ഞു. 

ജനപ്രതിനിധി എന്ന നിലയിൽ എംഎൽഎ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, ദൗർഭാഗ്യകരമായി സബ് കലക്ടർക്കെതിരെ അദ്ദേഹത്തിൽനിന്നും മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തിൽ പാർട്ടി ചർച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം, എംഎൽഎയുടെ പരാമര്‍ശത്തിനെതിരെ രേണുരാജ് രംഗത്തെത്തി. എംഎൽഎയുടേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ്. പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നു രേണുരാജ് വ്യക്തമാക്കി.  മൂന്നാറിലെ ഉത്തരവിന്റെ ലംഘനങ്ങൾ ഹൈക്കോടതിയിൽ അറിയിക്കും. കോടതിയുടെ നിർദേശാനുസരണം മുന്നോട്ടു പോകുന്നതിനാണ് നിയമോപദേശം ലഭിച്ചത്. അ‍ഡിഷണൽ എജി മുൻ ഉത്തരവുകൾ പരിശോധിച്ച് അതാണ് ശരി എന്ന് അറിയിച്ചത്. മൂന്നാറിൽ ഉണ്ടായിട്ടുള്ള അനധികൃത നിർമാണം സംബന്ധിച്ച റിപ്പോർട്ട് എജിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും രേണു രാജ് മാധ്യമങ്ങളോടു പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.