ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇടതുമുന്നണിയില്‍ തുടക്കം; സീറ്റ്‌വിഭജനം തീരുമാനിക്കും

ldf-discssion
SHARE

ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇടതുമുന്നണിയില്‍ തുടക്കമായി. സി.പി.എമ്മുമായി നടത്തിയ ചര്‍ച്ചയില്‍, ഐ.എന്‍.എല്ലും ജനാധിപത്യ കേരളാ കോണ്‍ഗ്രസും സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിച്ചു. മേഖലാജാഥകള്‍ക്കിടയിലും ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനാണ് ഇടതുമുന്നണി യോഗത്തിന്റെ തീരുമാനം.

ജാഥയുടെ തിരക്കിലേക്ക് കടക്കുംമുന്‍പ് പരമാവധി ഘടകകക്ഷികളുമായി ധാരണയിലെത്താനാണ് മുന്നണി നേതൃത്വത്തിന്റെ ശ്രമം. എല്‍.ഡി.എഫ് യോഗത്തിനു ശേഷമായിരുന്നു ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത്. ഐ.എന്‍.എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. സീറ്റുവേണമെന്ന ആവശ്യത്തില്‍ തുടര്‍ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കോഴിക്കോട്, കാസര്‍കോട് സീറ്റുകളിലൊന്നാണ് ഐ.എന്‍.എല്ലിന്റെ ആഗ്രഹം. പത്തനംതിട്ടയോ കോട്ടയമോ കിട്ടണമെന്നാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ മനസില്‍. പത്തനംതിട്ട സീറ്റിനായി എന്‍.സി.പിയും രംഗത്തുണ്ട്. 

പ്രധാന ചര്‍ച്ചാവിഷയം മേഖലാ ജാഥകളായിരുന്നെങ്കിലും, സീറ്റുവിഭജനത്തിലേക്ക് ആര്‍.ബാലകൃഷ്ണപിള്ളയാണ് യോഗത്തിന്റെ ശ്രദ്ധക്ഷണിച്ചത്. എത്രയും വേഗം സീറ്റുവിഭജനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഇക്കാര്യം അംഗീകരിച്ചു. ചര്‍ച്ചയിലൂടെ സമവായത്തിലെത്താന്‍ പറ്റുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

നാളെയും മറ്റന്നാളും ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. ജാഥക്കിടയിലും വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. പ്രാഥമിക ചര്‍ച്ചകളില്‍ സമവായമുണ്ടാക്കാനായില്ലെങ്കില്‍ മേഖലാജാഥകള്‍ പുരോഗമിക്കുന്നതിനൊപ്പം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു സമയം കണ്ടെത്താനാണ് തീരുമാനം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.