സബ് കലക്ടർമാരെ 'നിലം' തൊടീക്കാതെ ദേവികുളം; വന്നുപോയത് 14 പേർ

devikulam-sub-collectors
SHARE

സബ് കലക്ടർമാരെ ‘നിലം തൊടാൻ അനുവദിക്കാതെ’ ദേവികുളം. എട്ടു വർഷത്തിനിടെ ദേവികുളത്ത് 14 സബ് കലക്ടർമാരാണു വന്നുപോയത്.

ഭൂമി കയ്യേറ്റങ്ങൾ വ്യാപകമായ ദേവികുളം മേഖലയിൽ കയ്യേറ്റക്കാർക്കും ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയിൽ ഇരുത്താൻ രാഷ്ട്രീയ നേതൃത്വം അനുവദിക്കില്ലെന്നുള്ളതാണു ദേവികുളത്തെ ചരിത്രം.

അഞ്ചു ദിവസം സബ് കലക്ടറായി ഇരുന്നിട്ട് കസേര തെറിച്ചവർ വരെയുണ്ട്. 2010 ജൂൺ 23 ന് ചുമതലയേറ്റ എ. ഷിബു മൂന്നു മാസമേ ഇവിടെ ജോലി ചെയ്തുള്ളൂ. തുടർന്നു വന്ന എം.ജി. രാജമാണിക്യം ഒന്നര വർഷം സബ് കലക്ടറായിരുന്നു. 2012 ഏപ്രിൽ 25 ന് സ്ഥാനമൊഴിഞ്ഞ രാജമാണിക്യത്തിനു ശേഷം കൊച്ചുറാണി സേവ്യർക്ക് ഒരു മാസം താൽക്കാലിക ചുമതല നൽകി.

എസ്. വെങ്കിടേശപതി, കെ.എൻ. രവീന്ദ്രൻ, മധു ഗംഗാധർ, ഇ.സി. സ്കറിയ, ഡി. രാജൻ സഹായ്, ജി.ആർ. ഗോകുൽ, എസ്. രാജീവ്, സാബിൻ സമീദ്, എൻ.ടി.എൽ. റെഡ്ഡി, ശ്രീറാം വെങ്കട്ടരാമൻ, വി.ആർ. പ്രേംകുമാർ എന്നിവരാണു തുടർന്നു വന്നത്.

ഇ.സി. സ്കറിയ അഞ്ചു ദിവസം മാത്രമാണു ഈ പദവിയിലിരുന്നത്. ജി.ആർ. ഗോകുൽ ഒരു വർഷവും രണ്ടു മാസവും. ഗോകുൽ പിന്നീട് ഇടുക്കി ജില്ലാ കലക്ടറായി. എസ്. രാജീവ് രണ്ടു മാസവും, കെ.എൻ. രവീന്ദ്രൻ, എൻ.ടി.എൽ. റെഡ്ഡി എന്നിവർ ഒരു മാസം വീതവും സബ് കലക്ടറായിരുന്നു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലുമാണ് ശ്രീറാം വെങ്കട്ടരാമൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായത്. മന്ത്രി എം.എം. മണി, ജോയ്സ് ജോർജ് എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ ശ്രീറാമിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു.

സബ് കലക്ടറുടെ ഓഫിസിനു മുന്നിൽ സിപിഎം പോഷക സംഘടനയായ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളം സമരവും നടത്തി. ഇടുക്കി എംപി ജോയ്സ് ജോർജ് ഉൾപ്പെട്ട കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തിൽ ഹിയറിങ് നടത്തുന്നതിനായി നോട്ടിസ് അയച്ചതോടെയാണു ശ്രീറാം സിപിഎമ്മിന് അനഭിമതനായത്.

2017 ജൂലൈയിലാണ് പ്രേംകുമാർ ദേവികുളം സബ് കലക്ടറായി ചുമതലയേറ്റത്. ശ്രീറാം തുടങ്ങി വച്ച നടപടികൾ മുന്നോട്ടു കൊണ്ടുപോയതോടെ പ്രേംകുമാറിനെതിരെയും സിപിഎം പ്രാദേശിക നേതൃത്വം തിരിഞ്ഞു.

കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായില്ല. തുടർന്ന് എംപിയുടെയും കുടുംബത്തിന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം, പ്രേംകുമാർ റദ്ദാക്കി. വാദം കേൾക്കാതെയാണു പട്ടയം റദ്ദാക്കിയതെന്നു ആരോപിച്ച് എംപി ലാന്റ് റവന്യു കമ്മിഷണർക്കു പരാതി നൽകി. പട്ടയം റദ്ദാക്കിയ നടപടി പിൻവലിക്കാൻ രാഷ്ട്രീയ സമ്മർദം ഉയർന്നെങ്കിലും പ്രേംകുമാർ വഴങ്ങിയില്ല. ഇതേ തുടർന്നാണ് പ്രേംകുമാറിനെ മാറ്റി പകരം ഡോ. രേണു രാജ് സബ് കലക്ടറായത്. രേണുരാജിനെയും മൂന്നാറിന്റെ സബ്കലക്ടർ കസേരയിൽ നിന്നും മാറ്റാനുള്ള സമർദ്ദങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ പോരാടാൻ തന്നെയാണ് ദേവികുളത്തെ ആദ്യവനിതാസബ്കലക്ടറിന്റെ തീരുമാനം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.