കോണ്‍ഗ്രസ് ധാരണയെച്ചൊല്ലി ബംഗാളിലെ ഇടതുമുന്നണിയില്‍ കലഹം

cpi
SHARE

കോണ്‍ഗ്രസ് ധാരണയെച്ചൊല്ലി ബംഗാളിലെ ഇടതുമുന്നണിയില്‍ കലഹം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കാനുള്ള സിപിഎം തീരുമാനത്തെ എതിര്‍ത്ത് ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും രംഗത്തുവന്നു. കോണ്‍ഗ്രസിന്‍റെ ധാരണ ഇടതുമുന്നണിയുമായിട്ട് മതി സിപിഎമ്മുമായിട്ട് വേണ്ട എന്നതാണ് സിപിെഎ നിലപാട്.

ബംഗാളില്‍ നേരിട്ട് സഖ്യമില്ല, എന്നാല്‍ ധാരണയാകാം ഇതാണ് സിപിഎം നിലപാട്. സിറ്റിങ് സീറ്റുകളിലും ശക്തികേന്ദ്രങ്ങളിലും പരസ്പരം മല്‍സരിക്കാതിരിക്കുക എന്നതാണ് ധാരണ. കൈപിടിക്കാന്‍ സിപിഎം പിബി പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. സഖ്യത്തിന് കോണ്‍ഗ്രസ് ബംഗാള്‍ നേതൃത്വം സന്നദ്ധതയറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ട എന്നാണ് ആര്‍എസ്പി നേതാവ് ക്ഷിതി ഗോസ്വാമിയും ഫോര്‍വേഡ് ബ്ലോക് നേതാവ് നരേന്‍ ചാറ്റര്‍ജിയും സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. 

കോണ്‍ഗ്രസുമായി സീറ്റുകളുടെ കാര്യത്തില്‍ സഹകരിക്കേണ്ടിവന്നാല്‍ സ്വന്തം സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയാണ് ആര്‍എസ്പിക്കും ഫോര്‍വേഡ് ബ്ലോക്കിനും. ഇടതുമുന്നണി സ്വന്തം കരുത്ത് ഉപയോഗിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടണമെന്ന് ഇരുപാര്‍ട്ടികളും പറയുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയത് ഇടതുമുന്നണിയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയത് ചൂണ്ടിക്കാട്ടുന്നു. ഇടത് പാര്‍ട്ടികളുടെ വോട്ടുകൊണ്ട് കോണ്‍ഗ്രസ് നേട്ടമുണ്ടാമെന്നതല്ലാതെ മറ്റൊരുഗുണവുമില്ലെന്ന് ഫോര്‍വേഡ് ബ്ലോക്കും ആര്‍എസ്പിയും പറയുന്നു. എന്നാല്‍ ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണം എന്ന നിലപാടാണ് സിപിെഎയ്ക്ക്. എന്നാല്‍ ധാരണ ഇടതുമുന്നണിയുമായി മതി. സിപിഎമ്മുമായി നേരിട്ടുവേണ്ട എന്നതാണ് സിപിെഎ നയം. 

 ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇടതുമുന്നണിയില്‍ തുടക്കം; സീറ്റ്‌വിഭജനം തീരുമാനിക്കും

ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇടതുമുന്നണിയില്‍ തുടക്കമായി. സി.പി.എമ്മുമായി നടത്തിയ ചര്‍ച്ചയില്‍, ഐ.എന്‍.എല്ലും ജനാധിപത്യ കേരളാ കോണ്‍ഗ്രസും സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിച്ചു. മേഖലാജാഥകള്‍ക്കിടയിലും ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനാണ് ഇടതുമുന്നണി യോഗത്തിന്റെ തീരുമാനം.

ജാഥയുടെ തിരക്കിലേക്ക് കടക്കുംമുന്‍പ് പരമാവധി ഘടകകക്ഷികളുമായി ധാരണയിലെത്താനാണ് മുന്നണി നേതൃത്വത്തിന്റെ ശ്രമം. എല്‍.ഡി.എഫ് യോഗത്തിനു ശേഷമായിരുന്നു ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത്. ഐ.എന്‍.എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. സീറ്റുവേണമെന്ന ആവശ്യത്തില്‍ തുടര്‍ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കോഴിക്കോട്, കാസര്‍കോട് സീറ്റുകളിലൊന്നാണ് ഐ.എന്‍.എല്ലിന്റെ ആഗ്രഹം. പത്തനംതിട്ടയോ കോട്ടയമോ കിട്ടണമെന്നാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ മനസില്‍. പത്തനംതിട്ട സീറ്റിനായി എന്‍.സി.പിയും രംഗത്തുണ്ട്. 

പ്രധാന ചര്‍ച്ചാവിഷയം മേഖലാ ജാഥകളായിരുന്നെങ്കിലും, സീറ്റുവിഭജനത്തിലേക്ക് ആര്‍.ബാലകൃഷ്ണപിള്ളയാണ് യോഗത്തിന്റെ ശ്രദ്ധക്ഷണിച്ചത്. എത്രയും വേഗം സീറ്റുവിഭജനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഇക്കാര്യം അംഗീകരിച്ചു. ചര്‍ച്ചയിലൂടെ സമവായത്തിലെത്താന്‍ പറ്റുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

നാളെയും മറ്റന്നാളും ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. ജാഥക്കിടയിലും വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. പ്രാഥമിക ചര്‍ച്ചകളില്‍ സമവായമുണ്ടാക്കാനായില്ലെങ്കില്‍ മേഖലാജാഥകള്‍ പുരോഗമിക്കുന്നതിനൊപ്പം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു സമയം കണ്ടെത്താനാണ് തീരുമാനം. 

സീറ്റിനായി വാശിയില്ല, വേണ്ടെന്നും പറയില്ല; ഫ്രാൻസിസ് ജോർജ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്. എന്നാല്‍ സീറ്റ് വേണ്ടെന്ന് പറയില്ലെന്നും മുന്നണി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് മനോരമന്യൂസിനോട് പറഞ്ഞു. ഇടുക്കിയില്‍ ഒരു കാരണവശാലും മത്സരിക്കില്ല. പിജെ ജോസഫിനൊപ്പമുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും

അടിമത്ത മനോഭാവത്തോടെ അവര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍  തുടരേണ്ടതില്ലെന്നും ഫ്രാന്‍സീസ് ജോര്‍ജ് മനോരമ ന്യൂസിനോട്  പറഞ്ഞു.

വടകര പിടിക്കാൻ മുല്ലപ്പള്ളി വരുമോ

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.