പ്രതിഷേധം; ഭാരതരത്ന നിരസിച്ച് ഭുപേൻ ഹസാരികയുടെ കുടുംബം

bhupen-hazarika
SHARE

ഭുപേൻ ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു. പൗരത്വബില്ലില്‍ പ്രതിഷേധിച്ചാണ് ഭാരതരത്ന നിരസിക്കുന്നതെന്ന് കുടുംബം. സര്‍ക്കാരിനെ ഹസാരികയുടെ മകന്‍ തേജ്  തീരുമാനം അറിയിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് ഭാരതരത്ന സമ്മാനിച്ചത്.  ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നിങ്ങനെ പാട്ടിന്റെ പല വഴികളിൽ നിറഞ്ഞു നിന്ന ഹസാരിക ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, നടൻ, കവി, ബാലസാഹിത്യകാരൻ എന്നീ നിലകളിലും വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

‘രുദാലി’യിലെ സംഗീതത്തിന് 1993ൽ ജപ്പാനിലെ ഏഷ്യാ-പസഫിക് രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ‘ദിൽ ഹൂം ഹൂം കരേ’ എന്ന ഗാനം ലോകത്തിന്റെ പല കോണുകളിലും തലമുറകളിൽ നിന്നു തലമുറകളിലേക്കു പരന്നൊഴുകി. രുദാലിയുടെ നിർമാതാവാണ് ഒപ്പം താമസിച്ചിരുന്ന കൽപനാ ലാജ്‌മി.

ഗുവാഹത്തിക്കു സമീപം സാദിയയിൽ 1926 സെപ്‌റ്റംബർ എട്ടിന് അധ്യാപക കുടുംബത്തിൽ ജനിച്ച ഹസാരിക പന്ത്രണ്ടാം വയസിൽ, അസമിലെ രണ്ടാമത്തെ സിനിമയായ ‘ഇന്ദ്രമാലതി’യിൽ പാടികൊണ്ടാണു സിനിമാ സംഗീതലോകത്തേക്കു കടക്കുന്നത്. ബാലനടനായും വേഷമിട്ടിട്ടുണ്ട്. പിന്നീട്, അസാമീസ് ചിത്രങ്ങൾ നിർമിച്ചു സംവിധാനം, സംഗീത സംവിധാനം, ഗാനാലാപനം എന്നിവ നിർവഹിച്ചിട്ടുണ്ട്.ബ്രഹ്‌മപുത്രയുടെ പാട്ടുകാരാനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

അസമീസ്, ബംഗാളി സിനിമകളിൽ പ്രവർത്തിച്ച ശേഷം ഇന്ത്യൻ പീപ്പിൾസ് തിയറ്റർ പ്രസ്‌ഥാനത്തിൽ ആകൃഷ്‌ടനായാണു മുംബൈയിലെത്തിയത്. സലിൽ ചൗധരി, ബൽരാജ് സാഹ്നി (ഹിന്ദി നാടകകൃത്തും നടനും) എന്നിവർക്കൊപ്പമായിരുന്നു യാത്ര.

ഏക് പൽ, ധർമിയാൻ, ദാമൻ, പാപ്പിഹ, സാസ്, മിൽ ഗയി മൻസിൽ മുജെ, ഗജഗാമിനി എന്നിവ ഹിന്ദിയിൽ സംഗീത സംവിധാനം നിർവഹിച്ച സിനിമകളിൽ പ്രശസ്‌തമാണ്. കഴിഞ്ഞ ജൂലൈയിൽ പുറത്തിറങ്ങിയ ‘ഗാന്ധി ടു ഹിറ്റ്‌ലർ’ എന്ന സിനിമയിൽ, ഗാന്ധിജിക്കു പ്രിയപ്പെട്ട ‘വൈഷ്‌ണവ് ജൻ’ എന്ന ഭജൻ ആണ് ഒടുവിൽ പാടിയത്.പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി രാഷ്‌ട്രം ആദരിച്ചിട്ടുണ്ട്. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ജേതാവാണ്. 1999-2004ൽ കേന്ദ്രസംഗീത നാടക അക്കാദമി ചെയർമാനായിരുന്നു. 1967ൽ അസം നിയമസഭാ കൗൺസിൽ അംഗമായിരുന്നു. ലോക്‌സഭയിലേക്കു ബിജെപി സ്‌ഥാനാർഥിയായി 2004ൽ ഗുവാഹത്തി മണ്ഡലത്തിൽ മൽസരിച്ചു പരാജയപ്പെട്ടതിനു പിന്നാലെ രാഷ്‌ട്രീയം ഉപേക്ഷിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.