സങ്കടയാത്രയുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍; ചർച്ചയ്ക്ക് വിളിച്ച് സര്‍ക്കാർ

endosulfan-victims-21
SHARE

തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അഞ്ചുദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാകാന്‍ സാധ്യത. സമരക്കാരുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഒാഫീസ് സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായാണ് ചര്‍ച്ച നടത്തുക. ഈ ചര്‍ച്ചയില്‍ തീരുമാനമായാല്‍ മാത്രം മുഖ്യമന്ത്രിയെ കാണും.

സമരക്കാരോടുള്ള സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും രംഗത്തെത്തി. പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തി.  

മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലേക്ക് സമരം വ്യാപിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് സങ്കടയാത്ര നയിച്ചാണ് ഇരകളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലിഫ് ഹൗസിലേക്ക് നീങ്ങിയത്. ഇവരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു.

സമരത്തെ മന്ത്രി കെ.കെ. ശൈലജ പരസ്യമായി തള്ളിപ്പറഞ്ഞതിനാല്‍ സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കാന്‍ സമരം  കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫീസ് നിര്‍ദേശം നല്‍കിയെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാതെ പിന്‍മാറണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം.

സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹ്യപ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു.

MORE IN BREAKING NEWS
SHOW MORE