കോണ്‍ഗ്രസിന് സയന്‍സെന്നാല്‍ ചാരപ്പണി; നമ്പി നാരായണനെ കുടുക്കിയത്: മോദി

modi-nambi-narayanan-1
SHARE

യു.ഡി.എഫിലെ ഏതാനും നേതാക്കള്‍ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി നമ്പിനാരായണനെ കള്ളക്കേസില്‍ കുടുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല ഉള്‍പ്പെടെ എല്ലാ സാംസ്കാരിക ചിഹ്നങ്ങളേയും സി.പി.എം ഇകഴ്ത്തുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി. 

നമ്പിനാരായണന് പത്മപുരസ്കാരം നല്‍കിയതിനെ ചൊല്ലി വിവാദം കത്തിപടരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം. നമ്പി നാരായണന്‍ കഠിനാധ്വാനിയും രാജ്യസ്നേഹിയുമാണ്. യു.ഡി.എഫിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി. കോണ്‍ഗ്രസിന് സയന്‍സെന്നാല്‍ ചാരപ്പണിയും സോളര്‍ എന്നാല്‍ കുംഭകോണവുമാണെന്നും മോദി തുറന്നടിച്ചു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തിലെ സംസ്കാരത്തെ സി.പി.എം തകര്‍ക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ശബരിമല ഉള്‍പ്പെടെ എല്ലാ സാംസ്കാരി ചിഹ്നങ്ങളേയും ഇകഴ്ത്തുകയാണ്. യു.ഡി.എഫും എല്‍.ഡി.എഫിനൊപ്പമാണെന്ന് മോദി പറഞ്ഞു.

പ്രതിപക്ഷത്തിന് ആശയപാപ്പരത്തമാണ്.  വിദേശമണ്ണില്‍നിന്ന് ഭരണഘടനാസ്ഥാപനങ്ങളെ ആക്ഷേപിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. വോട്ടിങ് യന്ത്രത്തിനെതിരെ ലണ്ടനില്‍ നടന്നത് ഇതാണെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കഴിഞ്ഞ നാലരവര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാനും മോദി മറന്നില്ല. ഒരു ഭാഗത്ത് വികസന നേട്ടങ്ങളും മറുഭാഗത്ത് രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടികളുമായിരുന്നു മോദിയുടെ തൃശൂര്‍ പ്രസംഗം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.