
കേരള സാഹിത്യ അക്കാദമി അവാർഡുകൾ തൃശൂരിൽ പ്രഖ്യാപിച്ചു. ഡോ.കെ.എൻ.പണിക്കരിനും ആറ്റൂർ രവിവർമയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. പഴവിള രമേശൻ, എം.പി.പരമേശ്വരൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ അജിത , സി.എൽ.ജോസ് എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹരായി. വി.ജെ. ജെയിംസിന്റെ നിരീശ്വരൻ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. വീരാൻകുട്ടിയുടെ മിണ്ടാപ്രാണിയാണ് മികച്ച കവിത.
മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം അയ്മനം ജോണിന് ലഭിച്ചു. വി.ആർ.സുധീഷിനാണ് മികച്ച ബാലസാഹിത്യത്തിനുള്ള ബഹുമതി. സി.വി.ബാലകൃഷ്ണന്റേതാണ് മികച്ച യാത്രാവിവരണം. ജയചന്ദ്രൻ മൊകേരിയുടേതാണ് മികച്ച ജീവചരിത്രം. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ചൊവല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് ലഭിച്ചു. വൈജ്ഞാനിക സാഹിത്യത്തിന് എൻ.ജെ.കെ. നായരും
വിവർത്തനത്തിന് രമാ മേനോനും ബഹുമതി ലഭിച്ചു. വിശിഷ്ടാംഗത്വത്തിന് 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തിപത്രവും നൽകും. സമഗ്ര സംഭാവനയ്ക്ക് മുപ്പതിനായിരം രൂപ വീതമാണ്. സാഹിത്യ അവാർഡുകൾക്ക് 25,000 രൂപയും സാക്ഷ്യപത്രവും.