വിദേശ മലയാളിയുടെ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; അന്വേഷണം

land-encroachment-case
SHARE

തിരുവനന്തപുരം വട്ടപ്പാറയില്‍ വിദേശ മലയാളിയുടെ ഭൂമി വ്യാജരേഖചമച്ചു കൈയേറിയ സംഭവത്തില്‍  മുഖ്യമന്ത്രിയുടെ ഓഫിസും റവന്യൂമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടു. മനോരമ ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സും കേസെടുത്തിട്ടുണ്ട്. അതിനിടെ, വിവാദഭൂമിയില്‍ പാറമട പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമീപത്തെ പാറമട ഉടമകള്‍ പറഞ്ഞു.

കയ്യേറിയ ഭൂമി എന്തുകൊണ്ട് തിരിച്ചുകൊടുക്കാനാകുന്നില്ലെന്ന് പരാതിക്കാരന് നേരിട്ടു മറുപടി നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കണമെങ്കില്‍ വ്യക്തമായ ശുപാര്‍ശയോടെ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് മുഖ്യമന്ത്രിയുെട ഓഫിസ് ജില്ലാകലക്ടര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. വ്യാജരേഖകള്‍ ചമക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. 

വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത വിജിലന്‍സ്,പരാതിക്കാരനായ റൊമാള്‍ഡ് ഫ്രാന്‍സിസിനെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഭൂമി സംബന്ധിച്ച രേഖകളുമായി ഹാജരാകാന്‍ ആരോപണവിധേയരോട്  ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാദഭൂമിക്കു സമീപത്തെ പാറമട  2004 മുതല്‍ നിയമപരമായി  പ്രവര്‍ത്തിക്കുന്നതാണെന്ന് ഉടമ മധുസൂദനന്‍ അറിയിച്ചു. 

കയ്യേറ്റം ചെയ്തതായി പറയുന്ന ഭൂമിയില്‍ പാറമട പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവും തെറ്റാണെന്നും അദ്ദേഹം പറയുന്നു. നാല്‍പതുവര്‍ഷത്തെ പ്രവാസജീവിതത്തിന്റെ സമ്പാദ്യമായി പിതാവ് വാങ്ങിയ ഭൂമി റവന്യു ഉദ്യോഗസ്ഥര്‍ വ്യാജരേഖ ചമച്ച് മറ്റൊരാളുടെ പേരിലാക്കിയെന്നാണ് മകന്‍ നല്‍കിയിരിക്കുന്ന പരാതി. 

MORE IN BREAKING NEWS
SHOW MORE